Uncategorized

ശുഭ്രസാഗരമായി ശാന്തിഗിരി; കുംഭമേള ഭക്തിസാന്ദ്രം

“Manju”

പോത്തന്‍കോട് ( തിരുവനന്തപുരം): വൃതശുദ്ധിയുടെ 41 ദിനങ്ങൾ പിന്നിട്ട് രാജ്യത്തുടനീളമുളള ഗുരുഭക്തർ പൂജിതപീഠം സമർപ്പണാഘോഷങ്ങൾക്കായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെത്തിയപ്പോൾ ആശ്രമത്തിന്റെ സ്പിരിച്വൽ സോൺ ശുഭ്രസാഗരമായി മാറി. രാവിലെ 5 ന് താമരപ്പർണ്ണശാലയിൽ സന്ന്യാസസംഘത്തിന്റെയും നിയുക്തയാവരുടെയും നേതൃത്വത്തിൽ നടന്ന പ്രത്യേക പുഷ്പാജ്ഞലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് 6 ന് ധ്വജം ഉയർത്തൽ, പുഷ്പസമര്‍പ്പണം, ഗുരുപാദവന്ദനം, പ്രസാദ വിതരണം എന്നിവയും ഉച്ചയ്ക്ക് 12ന് ആരാധനക്ക് ശേഷം ഗുരുപൂജയും ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും നടന്നു. രാവിലെ 9 മുതൽ നടന്ന സൗഹൃദക്കൂട്ടായ്മയിൽ മന്ത്രിമാർ, എം.പി.മാർ, എം.എൽ.. മാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിച്ചു. വൈകിട്ട് 3 ന് ആശ്രമത്തിന്റെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധി സമ്മേളനം നടന്നു. ചടങ്ങുകള്‍ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍‍ നേതൃത്വം നല്‍കി. വൈകിട്ട് ആറുമണിയോടുകൂടി കുംഭമേള ഘോഷയാത്ര ആരംഭിച്ചു. ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ തീര്‍ത്ഥം മൺകുടങ്ങളില്‍ നിറച്ച്, പീതവസ്ത്രംകൊണ്ടു പൊതിഞ്ഞ്, വായ് വട്ടത്തിൽ ആലിലയും വെറ്റിലയും മാവിലയും അടുക്കി, നാളികേരം വച്ച്, പൂമാല ചാര്‍ത്തിയാണ് കുംഭങ്ങള്‍ ഒരുക്കിയത്. ഗുരുഭക്തര്‍ അഖണ്ഡമന്ത്രജപത്തോടെ കുംഭങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ചയം വലം വച്ചു. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും കുംഭമേളക്ക് മാറ്റുകൂട്ടി. സ്റ്റീൽ തട്ടങ്ങളിൽ അരിയും പൂക്കളും കൊണ്ട് അലങ്കരിച്ച് ചന്ദനത്തിരി കൊളുത്തി , അരിയിൽ താഴ്ത്തിയ മുറിത്തേങ്ങയിൽ എണ്ണ പകർന്ന് തിരിയിട്ട് കത്തിച്ച ദീപവുമായി ഭക്തർ കുംഭത്തെ അനുഗമിച്ചു. സങ്കല്പപ്രാർത്ഥനകളോടെ കുംഭങ്ങളും ദീപങ്ങളും ഗുരുസന്നിധിയില്‍ സമര്‍പ്പിച്ചതോടെ ഇത്തവണത്തെ പൂജിതപീഠം സമർപ്പണാഘോഷങ്ങൾക്ക് സമാപനമായി. തീരാവ്യാധികളും, കുടുംബദോഷങ്ങളും മാറ്റി പിതൃശുദ്ധി വരുത്തുന്ന കര്‍മ്മമാണ് ശാന്തിഗിരിയിലെ കുംഭമേള എന്നാണ് ഗുരുഭക്തരുടെ സാക്ഷ്യം.

ശാന്തിഗിരി ആശ്രമത്തില്‍ നടന്ന കുംഭപ്രദക്ഷിണത്തില്‍ നിന്ന്

 

Related Articles

Back to top button