Uncategorized

ആരോഗ്യവാന്‍മാരായി ജീവിക്കാന്‍ കരളിനെ കാക്കണം; കരളിനെയറിയാം

“Manju”

 

മലയാളിയ്ക്ക് കരള്‍ പണ്ടേ പ്രിയപ്പെട്ടതാണ്.   എന്റെ കരളേഎന്നും, കരളിന്റെ കരളേ എന്നും മിക്കപ്പോഴും മലയാളികള്‍ സംബോധന ചെയ്യാറുണ്ട്. കരളിനെക്കുറിച്ച് പാടുകയും, വിവിധയിനംകരളുകള്‍ ഭക്ഷിക്കുകയും ചെയ്യുന്നവര്‍… പക്ഷെ കരളിനെ വേണ്ടവിധം നോക്കാറുണ്ടോ?  എത്രയെത്രപേരാണ് അകാലത്തില്‍ കരള്‍രോഗത്താല്‍ വിടപറയുന്നത്.  കരള്‍ മാറ്റിവെക്കലും നൂലാമാലകളും, അനുയോജ്യമായ കരള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഒക്കെ പലപ്പോഴും കരള്‍രോഗിയെ ജീവിതത്തോട് വിടപറയാന്‍ ഇടയാക്കുന്നു. നമ്മുടെ ജീവിതരീതികളാണ് കരള്‍ രോഗങ്ങള്‍വരുവാനുള്ള പ്രധാനകാരണം.  ഒരുപരിധിവരെ കരള്‍ പിടിച്ചു നില്‍ക്കും, സ്വയം റിപ്പയറും ചെയ്യും.  എന്നാല്‍ നിങ്ങള്‍ക്കുവേണ്ടേല്‍ പിന്നെനിക്കെന്തായെന്ന് കരള്‍ കരുതുമ്പോള്‍ പണിപാളുകയായി.  ഇനി കരളിനെക്കുറിച്ച് കുറച്ചറിയാം. നമ്മുടെ കരളിനെ നമുക്ക് കരുതലോടെ കൊണ്ടുപോകാം.

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ അവയവമാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായാണ് കരളിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരുന്ന കരളിന്‌അനേകം ജോലികളുണ്ട്. നമ്മള്‍ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച്‌ നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത് കരളാണ്. കൂടാതെ പ്രോട്ടീനുകള്‍ വിഘടിക്കുമ്ബോള്‍ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകള്‍ വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലര്‍ന്ന പദാര്‍ത്ഥങ്ങളെയും കരള്‍ നിരുപദ്രവകാരികളാക്കി മാറ്റുന്നു.ശരീരത്തിന് ആവശ്യമായ തോതില്‍ കൊളസ്‌ട്രോള്‍ നിര്‍മ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാര്‍ത്ഥം ക്രമാതീതമായി ഉണ്ടാകുമ്ബോള്‍ അത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും പ്രശ്‌നമുണ്ടാക്കുന്നു. രക്തം കട്ടി പിടിക്കാനാവശ്യമായ കൊയാഗുലേഷന്‍ ഫാക്ടേഴ്‌സ് കരളാണ് നിര്‍മ്മിക്കുന്നത്. കരള്‍ ഒരു കലവറ കൂടിയാണ്. ഗ്‌ളൂക്കോസ്, ഇരുമ്ബ്, വിറ്റാമിനുകള്‍ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരള്‍ കരുതിവയ്‌ക്കുന്നു.

കരള്‍ രോഗം എന്നത് കരളിനെ ബാധിക്കുകയും കേടുവരുത്തുകയും ചെയ്യുന്ന നിരവധി അവസ്ഥകളെ സൂചിപ്പിക്കുന്നതാണ്. ചെറിയ കരള്‍ രോഗങ്ങള്‍വരെ കാലക്രമേണ ലിവര്‍ സിറോസിസിന് കാരണമാകും. കൃത്യ സമയത്ത് മനസിലാക്കി ചികിത്സിച്ചില്ലെങ്കില്‍ കരള്‍ തകരാറിലാകാനും കരള്‍ കാന്‍സറിലേക്കും നയിക്കും.കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കും. എല്ലായിപ്പോഴും കരളിന്റെ ആരോഗ്യം അപകടത്തിലാണെന്ന് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അണുബാധകള്‍, പാരമ്ബര്യരോഗങ്ങള്‍, അമിതവണ്ണം, മദ്യത്തിന്റെ ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന പല തരത്തിലുള്ള കരള്‍ രോഗങ്ങളുണ്ട്. കരള്‍ രോഗം കൂടുതല്‍ ഗുരുതരവും സങ്കീര്‍ണവും ആകാറുണ്ട്. നേരത്തെയുള്ള ചികിത്സ മാത്രമേ കരള്‍ രോഗവും കരള്‍ തകരാറും മാറ്റാന്‍ സഹായിക്കുകയുള്ളു. പൊതുവെ പ്രായപൂര്‍ത്തിയായവരില്‍ 20% മുതല്‍ 30% വരെ കരളില്‍ അധിക കൊഴുപ്പ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ അവസ്ഥയെ നോണ്‍ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്ന് വിളിക്കുന്നു. വിവിധ കാരണങ്ങളാല്‍ വിവിധ തരത്തിലുള്ള കരള്‍ രോഗങ്ങള്‍ ഉണ്ടാകും .

ഫാറ്റി ലിവര്‍ (കരളിലെ കൊഴുപ്പുരോഗം) സാധാരണയായി ചെറിയ അളവില്‍ കൊഴുപ്പ് കരളിലുണ്ട്. ചിലപ്പോള്‍ ക്രമാതീതമായി കൊഴുപ്പ് കരളില്‍ അടിയുന്നു. ഇതിനെയാണ് ഫാറ്റി ലിവര്‍ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാണ് ഇതിനു കാരണം. അല്ലെങ്കില്‍ വന്നുചേര്‍ന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാന്‍ കരളിനു സാധിക്കാത്തതിനാലുമാകാം. ചിലപ്പോള്‍ ഈ കൊഴുപ്പ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തില്‍ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്ബോഴാണ് ഫാറ്റി ലിവര്‍ രോഗം എന്നു പറയുന്നത്. ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി മദ്യപാനികള്‍ അല്ലാത്തവര്‍ക്കും ഈ രോഗം ധാരാളമായി കാണുന്നു. അമിത വണ്ണം അതായത് പൊണ്ണത്തടി, രക്തത്തില്‍ അധികം കൊളസ്‌ട്രോള്‍, പ്രമേഹം, പാരമ്ബര്യം, പെട്ടെന്നുള്ള ശരീരം മെലച്ചില്‍, ചില ഔഷധങ്ങളുടെ പാര്‍ശ്വഫലം, ഗര്‍ഭാവസ്ഥ എന്നിവയാണ് ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങള്‍.

കരള്‍ രോഗത്തിന്റെ ചികിത്സ നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന് അറിയപ്പെടുന്ന വസ്തുക്കള്‍, എണ്ണയില്‍ കുതിര്‍ത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നത് ഒഴിവാക്കണം. മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം കഴിച്ചാല്‍ സിറോസിസ് രോഗം ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളില്‍ കുറഞ്ഞ അളവില്‍ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാല്‍ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിര്‍ത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി

ശരീരത്തിന് അമിത ഭാരമുണ്ടെങ്കില്‍ അത് ക്രമേണ കുറയ്‌ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്‌ക്കുന്നതും കരളിന് നല്ലതല്ല. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നല്‍കുന്നു. ദിവസവും 30-40 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്യുക.കരളിനു ദോഷം ചെയ്യുന്ന മരുന്നുകള്‍ ഒഴിവാക്കുക. സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോള്‍ പോലും അധികമായാല്‍ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ പ്രശ്‌നം ഉണ്ടാക്കാം. കരളിന് സ്വയം കേടുപാട് തീര്‍ക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരള്‍ രോഗത്തില്‍ നിന്ന് മോചനം കിട്ടുവാന്‍ ഉള്ള ഏറ്റവും സുഗമമായ മാര്‍ഗ്ഗം.

സിറോസിസ് രോഗം വന്നു കഴിഞ്ഞാല്‍ പൂര്‍ണരോഗവിമുക്തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുമ്ബോള്‍ മഞ്ഞപ്പിത്തം, രക്തം ഛര്‍ദ്ദിക്കല്‍, അബോധാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയില്‍ തീവ്ര പരിചരണം മൂലം തല്‍ക്കാലത്തേയ്‌ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഔഷധങ്ങളും പരാജയപ്പെടുമ്ബോള്‍ കരള്‍ മാറ്റി വയ്‌ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

Related Articles

Back to top button