Uncategorized

പി.ടി ഉഷ രാജ്യസഭാ അദ്ധ്യക്ഷന്റെ താത്കാലിക പാനലില്‍

“Manju”

Dailyhunt

മലയാളിയുടെ രക്തത്തില്‍ അലിഞ്ഞ ചിലപേരുകളുണ്ട്. സംഗീതത്തില്‍ ഗായകന്‍ യേശുദാസ്, സൗന്ദര്യ സങ്കല്പത്തില്‍ മമ്മട്ടി, നടനചാതുരിയില്‍ മോഹന്‍ലാല്‍, സ്പോര്‍ട്സെന്നാല്‍ ആദ്യം പയ്യോളി എക്സ്പ്രസ് എന്ന പി.ടി.ഉഷ. അത്രയധികം നമ്മുടെ രക്തത്തിലലിഞ്ഞ വികാരമാണിവര്‍. അതുകൊണ്ടാണ് നാലുപതിറ്റാണ്ടായി ട്രാക്കില്‍ ഓടുകയും ഓടിക്കുകയും ചെയ്ത പി.ടി ഉഷ ഇപ്പോള്‍ വലിയൊരു കസേരയില്‍. രാജ്യസഭാ അദ്ധ്യക്ഷന്റെ അഭാവത്തില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പി.ടി.ഉഷ.
കഴിഞ്ഞ വര്‍ഷമാണ് പി.ടി ഉഷയെ രാജ്യസഭയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തത്. വിവിധ മേഖലകളില്‍ മികവ്കാട്ടുന്നവരെ മുമ്ബും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം പലരും കായികമേഖലയില്‍ നിന്നും എം.പിയായിട്ടുണ്ട്. എന്നാല്‍ അവിടെ ഉഷ വ്യത്യസ്തയാവുന്നത് രാജ്യസഭയുടെ താത്‌കാലിക അദ്ധ്യക്ഷ പാനലില്‍ ഉള്‍പ്പെടുന്ന ആദ്യ നോമിനേറ്റഡ് എം.പി എന്ന നിലയിലാണ്.
ഈ മാസം എട്ടിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള ചര്‍ച്ച നടന്ന വേളയിലാണ് അല്പസമയത്തേക്കെങ്കിലും സഭ നിയന്ത്രിക്കാനുള്ള അവസരം ഉഷയ്ക്ക് ലഭിച്ചത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ അഭിനന്ദനഘോഷത്തോടെയാണ് സഭാംഗങ്ങള്‍ ഇന്ത്യന്‍ അത്‌ലറ്റിക്സ് ഇതിഹാസത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചത്. തുടക്കത്തില്‍ അല്പം പതറിയെങ്കിലും പിന്നീട് താളം വീണ്ടെടുത്ത ഉഷ തന്റെ സമയത്ത് വളരെ ക്രിയാത്മകമായിത്തന്നെ ചുമതലകള്‍ നിര്‍വഹിച്ചു. ട്രാക്കിലെ പ്രകടനങ്ങള്‍ക്ക് നിരവധി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ അവര്‍ രാജ്യസഭയിലെ പ്രകടനത്തിലും ആ പെരുമ കാത്തു. ഒളിമ്ബിക്സിലേതുപോലുള്ള വേഗം സഭയില്‍ വേണ്ടെന്ന് മലയാളിയായ എം.പി. അബ്ദുല്‍ വഹാബ് സഭയില്‍ തമാശരൂപേണ ഉഷയ്ക്ക് നല്‍കിയ ഉപദേശവും ശ്രദ്ധേയമായിരുന്നു.
പദവികളുടെ വലിപ്പം കൂടുമ്ബോള്‍ അത് നല്‍കുന്ന ഉത്തരവാദിത്വവും വലുതാകുമെന്ന ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ വാക്കുകളാണ് രാജ്യസഭാ അദ്ധ്യക്ഷന്റെ കസേരയിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഓര്‍ത്തതെന്ന് ഉഷ പറയുന്നു. തന്നെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്ത പ്രധാനമന്ത്രിയും രാജ്യത്തെ ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്ന ആഗ്രഹമാണ് മുന്നോട്ടുനയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നല്ല സമയവും കായികരംഗത്ത് ചിലവിട്ട ഒരാളെന്ന നിലയില്‍ രാജ്യത്തിന്റെ കായിക വികസനത്തിന് തന്നാലാകും വിധം പരിശ്രമിക്കുമെന്നും ഉഷ ഉറപ്പുനല്‍കുന്നു. അത് വെറും വാക്കല്ലെന്ന് രാജ്യസഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍തന്നെ അവര്‍ തെളിയിക്കുകയും ചെയ്തു. കായിക രംഗത്തെ കാര്‍ന്നുതിന്നുന്ന ഉത്തേജക ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ചായിരുന്നു ഉഷയുടെ കന്നി പ്രസംഗം. കായിക മേഖലയിലെ പുഴുക്കുത്തുകളെക്കുറിച്ച്‌ തുറന്നടിച്ച ഉഷ അത് എങ്ങനെ നിയന്ത്രിക്കാമെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.
വെറുമൊരു എം.പി മാത്രമല്ല ഇന്ന് പി.ടി ഉഷ. ഇന്ത്യന്‍ കായിക സംഘടനകളുടെ മാതൃ സ്ഥാനത്തുള്ള ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്റെ പ്രസിഡന്റു കൂടിയാണ്. മുമ്ബ് ക്രിക്കറ്റ് താരമായിരുന്ന മഹാരാജ യാദവീന്ദര്‍ സിംഗും അത്‌ലറ്റായിരുന്ന രാജാ ഭലീന്ദര്‍ സിംഗും ഐ..എ പ്രസിഡന്റായിട്ടുണ്ട്.അതിന് ശേഷം ഒരു കായികതാരത്തിന്റെ കയ്യിലേക്ക് ഐ..എയുടെ അധികാരം എത്തുന്നത് ആദ്യമായാണ്. അഴിമതിക്കഥകളും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികളുംകൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച ഒളിമ്ബിക് അസോസിയേഷന്റെ അഭിമാനം വീണ്ടെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ പി.ടി ഉഷയെന്ന കായിക താരത്തിന് മുന്നിലുള്ളത്. അതിനായി ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ തുടങ്ങിക്കഴിഞ്ഞു. എം.സി മേരികോമും പി.വി സിന്ധുവുമടക്കമുള്ള കായികപ്രതിഭകളോട് തോള്‍ ചേര്‍ന്നാണ് ഉഷ തന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അധികം വൈകാതെ ഒരു ഒളിമ്ബിക്സിന് വേദിയായി ഇന്ത്യയെ ഒരുക്കിയെടുക്കുക എന്ന വലിയൊരു സ്വപ്നം സാക്ഷാത്കരിക്കാനുള്ള കായിക അടിത്തറ പണിയുകയാണ് ഉഷയുടെ മുന്നിലുള്ള മറ്റൊരു ഉത്തരവാദിത്വം. രണ്ട് പതിറ്റാണ്ടോളം കായിക താരമായും അതിന് ശേഷം പരിശീലകയായും നിറഞ്ഞുനിന്ന ഉഷയ്ക്ക് രാജ്യത്തിന്റെ എല്ലാഭാഗത്തുമുള്ള കായികതാരങ്ങളുമായും പരിശീലകരുമായും കായിക ഭരണാധികാരികളുമായും അടുത്തബന്ധമാണുള്ളത്. തന്നെ ഇന്ത്യ അറിയുന്നതുപോലെ ഇന്ത്യയെ തനിക്കുമറിയാമെന്ന് ഉഷയ്ക്ക് ഉറപ്പുണ്ട്. ആ തിരിച്ചറിവാണ് അവരെ മുന്നോട്ടുനയിക്കുന്നതും.
1977
ല്‍ ഒ.എം നമ്ബ്യാരെന്ന പരിശീലകന്റെ കണ്ണില്‍ പെട്ടതോടെയാണ് കോഴിക്കോട് പയ്യോളിയില്‍ നിന്ന് പ്ളാവുള്ളകണ്ടിയില്‍ തെക്കേപറമ്ബില്‍ ഉഷയെന്ന ഇതിഹാസത്തിന്റെ അശ്വമേധം തുടങ്ങിയത്. കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലെ മണ്‍ട്രാക്കില്‍ നിന്ന് ഒളിമ്ബിക്സുകളിലെയും ഏഷ്യന്‍ ഗെയിംസുകളിലെയും സുവര്‍ണട്രാക്കുകളിലേക്ക് അവള്‍ പറന്നുയര്‍ന്നു. ഏഷ്യയിലെതന്നെ ഏറ്റവും മികച്ച സ്പ്രിന്റ് താരമായി വളര്‍ന്ന ഉഷയെ പയ്യോളി എക്സ്പ്രസ് എന്ന വിളിപ്പേരുമായി രാജ്യം വരവേറ്റു. 1984ലെ ലോസാഞ്ചലസ് ഒളിമ്ബിക്സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശം സമയവ്യത്യാസത്തില്‍ ഉഷയ്ക്ക് വെങ്കലമെഡല്‍ നഷ്‌ടമായപ്പോള്‍ ഇന്ത്യക്കാരെല്ലാം അവള്‍ക്കൊപ്പം സങ്കടപ്പെട്ടു. 1986ലെ സോള്‍ ഏഷ്യാഡില്‍ നാലുസ്വര്‍ണവും ഒരു വെള്ളിയുമുള്‍പ്പടെ സ്വന്തമാക്കി തിരിച്ചെത്തിയപ്പോള്‍ അഭിനന്ദിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് മുന്‍നിരയിലുണ്ടായിരുന്നത്.
തന്റെ ജീവിതത്തിലെ ഒരോ വെല്ലുവിളികളും ഏറ്റെടുക്കാന്‍ ഉൗര്‍ജം പകരുന്നത് കുടുംബമാണെന്ന് ഉഷ പറയുന്നു. വിവാഹശേഷം മിക്കവരും ട്രാക്കിനോട് ബൈ പറയുന്ന കാലത്ത് ഒരു മകന്‍ പിറന്നശേഷവും ട്രാക്കിലേക്ക് തിരിച്ചുവരാനും അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാനും പ്രചോദനമേകിയത് ഭര്‍ത്താവ് ശ്രീനിവാസനാണ്. പിന്നീട് ഉഷ സ്കൂള്‍ ഒഫ് അത്‌ലറ്റിക്സ് തുടങ്ങി പരിശീലകയുടെ വേഷത്തിലേക്ക് മാറിയപ്പോഴും എന്തിനും ഏതിനും തുണയായി മുന്‍ കായികതാരം കൂടിയായ ശ്രീനിയുണ്ടായിരുന്നു. ഇപ്പോള്‍ എം.പിയും ഒളിമ്ബിക് അസോസിയേഷന്‍ പ്രസിഡന്റുമൊക്കെയായി ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുമ്ബോഴും കരുത്തുപകരുന്നത് അദ്ദേഹമാണ്. ഡോക്ടറായ മകന്‍ വിഗ്നേഷ് ഉജ്ജ്വല്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത് സ്പോര്‍ട്സ് മെഡിസിനിലാണെന്നത് ഈ കുടുംബവും കായികരംഗവുമായുള്ള ബന്ധം ഒന്നുകൂടി ദൃഢമാക്കുന്നു.

Related Articles

Back to top button