Uncategorized

കൂട്ടുകാരുടെ കണ്ണീരോര്‍മകളില്‍ മടക്കയാത്ര

“Manju”
തീരാവേദനയോടെ….കുട്ടികള്‍ തിരിച്ച് സ്കൂളിലേക്കുള്ള യാത്രയില്‍

അടിമാലി : ആനക്കുളത്ത് പോകണംവ്‌ളോഗുകളില്‍ മാത്രം കണ്ടിട്ടുള്ള, കൂട്ടമായി വെള്ളം കുടിക്കാനെത്തുന്ന ആനകളെ മതിവരുവോളം കാണണം, ഫോട്ടോയെടുക്കണം. മാങ്കുളത്തേയ്ക്കുള്ള ഒരുദിവസത്തെ വിനോദയാത്രയെക്കുറിച്ച്‌ ടീച്ചര്‍മാര്‍ പറഞ്ഞപ്പോള്‍ തന്നെ അര്‍ജുനും റിച്ചാര്‍ഡും ജോയലും ഉള്‍പ്പെടുന്ന മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുടെ പദ്ധതികള്‍ നിരവധിയായിരുന്നു. യൂട്യൂബ് ചാനലുകളില്‍ ആനക്കുളത്തെ ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുകാണാനുള്ള ആകാംഷയിലായിരുന്നു പലരും. ഒടുവില്‍ ദുരന്തത്തിന്റെ രൂപത്തില്‍ വിധി തട്ടിയെടുത്ത മൂന്നുകൂട്ടുകാരുടെ ഓര്‍മകളില്‍ കണ്ണീരണിഞ്ഞ് മടക്കയാത്ര.രാവിലെ ഏഴോടെയാണ് ജ്യോതിസ് സ്‌കൂളിലെ എട്ടും ഒമ്ബതും ക്ലാസുകളിലെ വിദ്യാര്‍ഥികളും പ്രിന്‍സിപ്പലടങ്ങുന്ന മൂന്നംഗ അധ്യാപകരും മഞ്ഞപ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ പുറപ്പെട്ടത്. 10.30 ഓടെ അടിമാലിയിലെത്തിയ സംഘം പ്രഭാതഭക്ഷണത്തിന് ശേഷം മാങ്കുളത്തെത്തി. ഇവിടുത്തെ തൂക്കുപാലവും മലമുകളുമൊക്കെ സന്ദര്‍ശിച്ച്‌ നേരെ സവാരി ജീപ്പുകളില്‍ ആനക്കുളത്തെത്തിയെങ്കിലും ആനകള്‍ ഉണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത് പകല്‍സമയങ്ങളിലും ആനകള്‍ എത്താറുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഇവിടെയെത്തിയത്. എന്നാല്‍ സാധാരണയായി ആനകള്‍ എത്താറുള്ള വൈകുന്നേരം ഇവിടേയ്ക്ക് വീണ്ടും മടങ്ങിവരാമെന്നുള്ള ഉദ്ദേശത്തില്‍ വലിയപാറക്കുട്ടിയിലേക്ക് തിരിച്ചു. നല്ലതണ്ണിയാറില്‍ മുട്ടോളം മാത്രം വെള്ളമുള്ളതിനാലാണ് ഇറങ്ങിക്കുളിക്കാന്‍ അധ്യാപകര്‍ അനുവദിച്ചത്. തുടര്‍ന്ന് കൂട്ടുകാര്‍ സംഘം ചേര്‍ന്ന് വെള്ളത്തിലിറങ്ങുകയായിരുന്നു.അര്‍ജുനും റിച്ചാര്‍ഡും ജോയലുമടങ്ങുന്ന അഞ്ചംഗ സംഘം കൈപിടിച്ച്‌ വെള്ളത്തിലിറങ്ങി നീന്തുകയായിരുന്നു. നീന്തി മുന്നോട്ടുനീങ്ങുന്നതിനിടെയാണ് ആഴമേറിയ നിലയില്ലാക്കയത്തില്‍ അകപ്പെട്ടത്. ശബ്ദം കേട്ട് വെള്ളത്തില്‍ മറുഭാഗത്ത് ഉണ്ടായിരുന്ന സഹപാഠികള്‍ പാഞ്ഞെത്തിയെങ്കിലും മൂവരും മുങ്ങിത്താഴുകയായിരുന്നു. മറ്റ് രണ്ടുപേരെ വലിച്ചുകയറ്റി രക്ഷപ്പെടുത്തി. വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് പ്രദേശവാസികളായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയതും വിദ്യാര്‍ഥികളായിരുന്നു. 15 മിനിറ്റിനുള്ളില്‍ മുവരെയും കയത്തില്‍ നിന്ന് പുറത്തെത്തിച്ചെങ്കിലും റിച്ചാര്‍ഡും ജോയലും സംഭവസ്ഥലത്തും അര്‍ജുന്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചു. സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കുട്ടികളെ ടൂറിസ്റ്റ് ബസിലും മറ്റ് വാഹനങ്ങളിലുമായി അടിമാലി കാര്‍മല്‍ഗിരി കോണ്‍വന്റിലെത്തിച്ചു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളെ വിവരമറിയിച്ചു.

Related Articles

Back to top button