Uncategorized

എച്ച്‌3എന്‍2 വൈറസുകളുടെ ഘടനാമാറ്റം

“Manju”

ന്യൂഡല്‍ഹി: വൈറസുകളുടെ ഘടനയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ സംഭവിച്ച അപ്രതീക്ഷിതമാറ്റമാണു കേരളത്തില്‍ ഉള്‍പ്പെടെ പടര്‍ന്നുപിടിക്കുന്ന എച്ച്‌3എന്‍2 (എ സബ്‌ടൈപ്പ്‌) പനിക്കു കാരണമെന്നു ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലെ വിദഗ്‌ധര്‍.

രാജ്യമെമ്പാടും എച്ച്‌3എന്‍2 പനി ബാധിച്ച്‌ ആയിരക്കണക്കിനു പേരാണ്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്‌. എച്ച്‌3എന്‍2 ബാധിതരില്‍ 92 ശതമാനം പേര്‍ക്കും പനിയും 86 ശതമാനം പേര്‍ക്ക്‌ ചുമയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. 27 ശതമാനം പേര്‍ക്ക്‌ ശ്വാസതടസവും 16 % പേര്‍ക്ക്‌ രൂക്ഷമായ ശ്വാസംമുട്ടലും അനുഭവപ്പെട്ടതായി കണക്കുകള്‍ വ്യക്‌തമാക്കുന്നു.

വൈറസ്‌ ബാധിതരില്‍ 16% പേര്‍ക്ക്‌ ന്യൂമോണിയയും ആറു ശതമാനം പേര്‍ക്ക്‌ ചുഴലിയുമുണ്ടായി. മറ്റ്‌ ഇന്‍ഫ്ലുവന്‍സ ഉപവിഭാഗങ്ങളെ അപേക്ഷിച്ച്‌ എച്ച്‌3എന്‍2 വൈറസ്‌ബാധ കൂടുതല്‍ ആശുപത്രിവാസത്തിന്‌ കാരണമാകുമെന്ന്‌ വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നു. ആശുപത്രിവാസത്തിനു കാരണമാകുന്ന പനിയാണു സാധാരണയായി ഒന്നാം നമ്പര്‍ വൈറസായി കണക്കാക്കുന്നത്‌. എന്നാല്‍, ഇത്തവണ ഇന്‍ഫ്‌ളുവന്‍സ എ വൈറസ്‌ സബ്‌ടൈപ്പ്‌ എച്ച്‌3എന്‍2 ശ്വാസകോശസംബന്ധമായ അണുബാധകള്‍ക്കും കാരണമാകുന്നതായി ആശുപത്രിയിലെ ശിശുരോഗ അത്യാഹിതവിഭാഗം മേധാവി ഡോ. ധീരെന്‍ ഗുപ്‌ത ചൂണ്ടിക്കാട്ടി.

ഗുരുതര ന്യുമോണിയയ്‌ക്കും വെന്റിലേറ്റര്‍ ചികിത്സയ്‌ക്കും കാരണമാകുന്ന ടൈപ്പ്‌ ബി ഇന്‍ഫ്‌ളുവന്‍സ ബാധിച്ച്‌ രണ്ടുമാസത്തിനിടെ അഞ്ച്‌ കുട്ടികളെ പീഡിയാട്രിക്‌ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ഗുരുതരാവസ്‌ഥ സൃഷ്‌ടിക്കുന്ന അഡിനോവൈറസ്‌ ബാധിച്ച്‌ രണ്ടുമാസത്തിനിടെ 11 കുട്ടികളെയാണ്‌ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞവര്‍ഷമാകെ ഇത്തരം കേസുകള്‍ 17 മാത്രമായിരുന്നു. ശ്വാസനാളിയേയും കണ്ണുകളെയും ബാധിക്കുന്ന അഡിനോവൈറസ്‌ കോവിഡ്‌ പോലെ പടരാന്‍ ശേഷിയുള്ളതാണ്‌. ഡി.എന്‍.. വൈറസ്‌ വിഭാഗത്തില്‍പ്പെട്ട അഡിനോവൈറസിന്‌ 60 ഉപവിഭാഗങ്ങളുണ്ട്‌.

രണ്ടുവയസില്‍ താഴെയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളെ മാത്രമാണിതു ബാധിക്കുകയെന്നാണു മുമ്പ് കരുതിയിരുന്നത്‌. എന്നാല്‍, ഈ വര്‍ഷം കാര്യങ്ങള്‍ വ്യത്യസ്‌തമാണെന്നും ഡോ. ഗുപ്‌ത പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തോളമായി എച്ച്‌3എന്‍2 പടരുകയാണെന്നും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണു പ്രതീക്ഷ. കൂടുതല്‍ ആളുകളിലേക്കു രോഗം പടരുന്നുണ്ടെങ്കിലും ജീവഹാനിയുണ്ടാക്കില്ലെന്നും അതിനാല്‍ത്തന്നെ ആശങ്ക വേണ്ടെന്നും ഐ.സി.എം.ആറിലെ വിദഗ്‌ധര്‍ വ്യക്‌തമാക്കിയിരുന്നു.

Related Articles

Check Also
Close
Back to top button