ആദ്യ ഹൈബ്രിഡ് കണ്ടെയ്നര്‍ കപ്പലിന്റെ നിര്‍മ്മാണ കരാര്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്

ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കണ്ടെയ്നര്‍ കപ്പലിന്റെ നിര്‍മാണക്കരാര്‍ സ്വന്തമാക്കിയിരിക്കുകയാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡ്. ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് കണ്ടെയ്നര്‍ എന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, നെതര്‍ലാന്‍ഡിലെ റോട്ടര്‍ ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്കിപ്പ് ഗ്രൂപ്പാണ് രണ്ട് സീറോ എമിഷന്‍ ഫീഡര്‍ കണ്ടെയ്നര്‍ വെസലുകളുടെ രൂപകല്‍പ്പനയ്ക്കും, നിര്‍മ്മാണത്തിനുമുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.
ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഉപയോഗിച്ചുളള കപ്പലിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. കൂടാതെ, അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ഡീസല്‍ ജനറേറ്റര്‍ ബാക്കപ്പും ഉള്‍ക്കൊള്ളിക്കുന്നതാണ്. 45 അടി നീളമുള്ള 365 കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണ് നിര്‍മ്മിക്കുക. ആദ്യത്തെ കപ്പല്‍ 2025 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിനു ശേഷം കൈമാറുന്നതാണ്. കപ്പല്‍ നിര്‍മ്മാണത്തിനായി 550 കോടി രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്.