Uncategorized

ശിഷ്യപൂജിതയെ വരവേൽക്കാൻ നമ്പ്യാർകുന്ന് ; ആദിവാസി കരവിരുതിൽ പർണ്ണശാല

“Manju”

സുൽത്താൻ ബത്തേരി: ഓരോ ദിനവും മുഖം മിനുക്കുകയാണ് നമ്പ്യാർകുന്നിലെ ശാന്തിഗിരി ആശ്രമം. കോടമഞ്ഞ് മാറി വെട്ടം വീണുതുടങ്ങുമ്പോൾ മുതൽ ഗുരുഭക്തർ എത്തിത്തുടങ്ങും. സന്ന്യാസിമാരുടെ നിർദേശങ്ങൾക്കനുസരിച്ച് ഓരോരുത്തരും വിവിധ കർമ്മങ്ങളിൽ വാപൃതരാകും. വൈകുന്നേരം തങ്ങളുടെ കർമ്മം ഗുരുപാദത്തിൽ സമർപ്പിച്ച് നിറമനസ്സോടെ വീടുകളിലേക്ക് മടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുഭക്തരോടൊപ്പം കേന്ദ്രാശ്രമത്തിലെ വിവിധ ഡിപ്പാർട്ട്മെൻ്റിൽ നിന്നുളള പ്രവർത്തകരും എത്തിയതോടെ ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ വരവേൽക്കാൻ നമ്പ്യാർകുന്നിലെ ഉപാശ്രമത്തിൽ വൻഒരുക്കങ്ങൾക്ക് തുടക്കമായി. ഗുരുവിൻ്റെ പാദസ്പർശം കൊണ്ട് പവിത്രമായ മണ്ണിൽ ശിഷ്യപൂജിത എത്തുന്നത് വയനാടിൻ്റെ ആശ്രമചരിത്രത്തിലെ മറ്റൊരു ഏടായി മാറും.

ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ച്

ബത്തേരിയിലെ സന്ദർശന വേളകളിൽ ഗുരു താമസിച്ചിരുന്ന പർണ്ണശാലയും അതേ തനിമയിൽ നവീകരിക്കുകയാണ്. ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളാണ് പർണ്ണശാലയുടെ നവീകരണജോലികൾ ചെയ്യുന്നത്. തികച്ചും പാരമ്പര്യ രീതിയിലും പ്രകൃതി സൗഹൃദപരമായുമാണ് ജോലികൾ പുരോഗമിക്കുന്നത്.
മണ്ണു കൊണ്ട് നിർമ്മിച്ച പർണ്ണശാലയുടെ വിണ്ടുകീറിയ ചുവരുകളിൽ മണ്ണും ഉമിയും ചേർത്ത മിശിത്രം കൈകൊണ്ടാണ് തേച്ചുപിടിപ്പിക്കും. ഈ മിശ്രിതം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നത് പുളിമരത്തിന്റെ തോലിട്ട വെള്ളമാണ്. പർണ്ണശാലയുടെ മേൽക്കൂര ഓട് പാകിയിട്ടുണ്ട്. ചുവരും തറയും ഇറയവുമെല്ലാം മണ്ണുമെഴുകുന്നതിനോടൊപ്പം മേൽക്കൂരയിലെ പൊട്ടിയ ഓടുകൾ മാറ്റാനും ബാക്കിയുളളവ കഴുകി വൃത്തിയാക്കി പാകാനും പദ്ധതിയുണ്ട്. ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് ഗുരു താമസിച്ച മുറിയും ഉപയോഗിച്ച സാധനങ്ങളും കാണാനും ബത്തേരി ആശ്രമത്തിന്റെ ചരിത്രം കൂടി മനസിലാക്കാനും കഴിയുന്ന രീതിയിലാണ് പർണ്ണശാല നവീകരിക്കുന്നത്. നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ഓരോ സന്ദർശനങ്ങളിലും ആത്മീയതയുടെ പുതുചരിത്രമെഴുതിയ നാടാണ് ബത്തേരി. ഗുരുസ്ഥാനീയയെ വരവേൽക്കാൻ നാട് ഒന്നടങ്കം തയ്യാറെടുക്കുകയാണ്.

Related Articles

Back to top button