KeralaLatest

അമ്മയെ കാണാന്‍ രാമചന്ദ്രനെത്തി

“Manju”

 

കോവിഡും പ്രായാധിക്യവുമായതോടെ വീടിനുള്ളില്‍ ഒതുങ്ങിയ നാരായണിയമ്മക്ക് പൊന്നു പോലെ താന്‍ പരിപാലിച്ച മകനെ ഒന്ന് കാണണമെന്ന് ആഗ്രഹം. ഇത് കേട്ടതിനു പിന്നാലെ രാവിലെ തന്നെ മകന്‍ അമ്മയെ കാണാന്‍ വീട്ടിലെത്തി. ആരാധകരേറെയുള്ള സൂപ്പര്‍ സ്റ്റാര്‍ ആണ് ആ മകന്‍. അമ്മയുടെയും മകന്റെയും സ്നേഹപ്രകടനം കണ്ടതോടെ എല്ലാവരുടെയും കണ്ണ് നിറഞ്ഞു.
തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും അവിടുത്തെ ജീവനക്കാരിയായിരുന്ന നാരായണിയമ്മയും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ആളുകളുടെ ഹൃദയം നിറച്ചത്. ജീവനായി സ്നേഹിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ദേവിയുടെ പ്രസാദമുള്‍പ്പെടെ ഇഷ്ടഭക്ഷണങ്ങള്‍ പലതും നല്‍കാറുണ്ടായിരുന്നത് നാരായണിയമ്മ.യായിരുന്നു. വാര്‍ധക്യംമൂലം ഇപ്പോള്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയവേയാണ് നാരായണിയമ്മയ്ക്കൊരു മോഹം; രാമചന്ദ്രനെ ഒന്നു കാണണമെന്ന്. വിവരമറിഞ്ഞ് പാപ്പാന്മാരായ നെന്മാറ രാമനും രാജേഷും ചേര്‍ന്ന് ആ കൂടിക്കാഴ്‌ചയ്ക്ക് അവസരമൊരുക്കി. അങ്ങനെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നാരായണിയമ്മയുടെ വീട്ടുമുറ്റത്തെത്തിയത്. നാരായണിയമ്മയുടെ കൈയില്‍നിന്ന്‌ പഴവും ശര്‍ക്കരയുമെല്ലാം വാങ്ങിക്കഴിക്കുകയും ചെയ്തു.

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിലെ ജോലിക്കാരിയായിരുന്നു നാരായണിയമ്മ. രാമചന്ദ്രനെ ക്ഷേത്രത്തിലെത്തിക്കുമ്പോള്‍ നാരായണിയമ്മ അവിടെയുണ്ടായിരുന്നു. മുപ്പതുവര്‍ഷത്തോളം ഇവര്‍ രാമചന്ദ്രനെ ഊട്ടി. അമ്പലത്തിലെ പായസം, പഴം, ശര്‍ക്കര, നിവേദ്യച്ചോറ് എന്നിവയൊക്കെ നല്‍കി. ഈ ഊട്ടിലൂടെ ഉണ്ടായ സ്നേഹവും വലുതായിരുന്നു. പാപ്പാന്മാരില്ലാത്തപ്പോള്‍പോലും രാമചന്ദ്രന് അവര്‍ ഭക്ഷണം കൊടുക്കുമായിരുന്നു. ഇപ്പോള്‍ 84 വയസ്സുള്ള നാരായണിയമ്മ നാലുവര്‍ഷമായി ക്ഷേത്രത്തിലേക്കു പോകാറില്ല. അങ്ങനെയിരിക്കവേയാണ് രാമചന്ദ്രനെ കാണാന്‍ ആഗ്രഹം തോന്നിയത്. കൂടിക്കാഴ്ചക്ക് ശേഷം രാമചന്ദ്രന്‍ മനസില്ലാ മനസോടെയാണ് മടങ്ങിയത്. മകനെ കണ്ടപ്പോള്‍ സന്തോഷമായെങ്കിലും മടങ്ങിയപ്പോള്‍ നാരായണിയമ്മക്കു സങ്കടം കൊണ്ടു കണ്ണ് നിറഞ്ഞു.

 

Related Articles

Back to top button