ErnakulamKeralaLatest

ഫാരിസ് അബുബക്കറിൻ്റെ വിശ്വസ്തൻ നജീം അഹമ്മദ് കുരുക്കിലേക്ക്

“Manju”

കൊച്ചി: ഫാരിസ് അബുബക്കറിന്റെ വിശ്വസ്തൻ നജീം അഹമ്മദിന്റെ ഫ്ലാറ്റ് സീൽ ചെയ്ത് ആദായനികുതി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഫാരിസ് അബൂബക്കറിന്റെ കൊച്ചിയിലെ മുഴുവൻ ഇടപാടുകളും വിശ്വസ്തരായ ഇടനിലക്കാരെ ബിനാമികളാക്കിയാണു നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തി. ഇയാൾക്ക് കോടികണക്കിന് രൂപയുടെ ബിസിനസ് ഉണ്ടെങ്കിലും രേഖകൾ ഒന്നും ഫാരിസിന്റെ ഓഫിസുകളിൽ ലഭ്യമല്ല.

2008-മുതൽ ഫാരിസ് കൊച്ചിയിൽ കോടിക്കണക്കിനു രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. ഇയാളുടെ ഇടനിലക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫ്ലാറ്റുകളിലാണു റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ എല്ലാ രേഖകൾ സൂക്ഷിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വിശ്വസ്തനായ കണ്ണൂർ സ്വദേശി നജീം അഹമ്മദ് പാലക്കണ്ടിയുടെ പേരിലുള്ള ഫ്ലാറ്റിൽ നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. ഇവിടെനിന്നു രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ നജീം അഹമ്മദിന്റെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് വിഭാഗം മുദ്രവെക്കുകയും ചെയ്തു.

പരിശോധനയെ തുടർന്ന് ചെന്നൈയിലെ ആദായനികുതി ഓഫിസിൽ നേരിട്ടു ഹാജരാകണമെന്ന് നജീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ചിലവന്നൂരിലെ ഫ്ലാറ്റിലെ വസ്തുവകകൾ അന്വേഷണ ഉദ്യോഗസ്ഥന്റ അറിവും സമ്മതവുമില്ലാതെ നീക്കം ചെയ്യരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇതോടെ ഫാരിസ് അബൂബക്കറിനും കുരുക്കുകൾ മുറുകുകയാണ്. നജീമിനെ പോലുള്ള നിരവധി ഇടനിലകാർ ഫാരിസിന് കൊച്ചിയിലുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൊച്ചിയിലെ നിർമാണ കമ്പനിയുടെ മറവിലെത്തിയ 100 കോടി രൂപയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് നജീമിൽ എത്തി നിൽക്കുന്നത്. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഫാരിസ് ഭൂമി ഇടപാട് നടത്തിയിട്ടുള്ള സ്ഥലങ്ങൾ അന്വേഷണ സംഘം സന്ദർശിച്ചു.

Related Articles

Back to top button