KeralaLatest

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

“Manju”

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ച്‌ നടക്കുന്ന ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനത്തില്‍ (ജോയിന്റ് കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ്) പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉന്നത സൈനിക മേധാവികളെ അദ്ദേഹം അഭിസംബോധന ചെയ്യും. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 1 വരെയാണ് പരിപാടി നടക്കുക. ഭോപ്പാലിലെ കുശാഭൗ താക്കറെ ഹാളിലാണ് ഇത്തവണ സംയുക്ത സൈനിക സമ്മേളനം സംഘടിപ്പിക്കുന്നത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് പാണ്ഡെ, നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.

ഏപ്രില്‍ ഒന്നിന് ഇന്ത്യന്‍ സായുധ സേനയുടെ ഉന്നത സൈനിക കമാന്‍ഡര്‍മാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും അവരുമായി നിലവിലെയും ഭാവിയിലെയും സുരക്ഷാ വെല്ലുവിളികളെ കുറിച്ചും പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തും. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ആറുമണിക്കൂറോളം ചെലവഴിക്കുന്ന പ്രധാനമന്ത്രി, പ്രതിരോധ മേഖലയിലെ തദ്ദേശീയ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും സന്ദര്‍ശിക്കും.

പ്രതിരോധ മേഖലയില്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ നവീകരണവും നടപ്പാക്കലും സൈന്യം പ്രദര്‍ശിപ്പിക്കും. പരിപാടിയുടെ ആദ്യ ദിവസം സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ ഉള്‍പ്പെടെയുള്ള സൈനിക മേധാവികളെ അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടുത്ത ദിവസം സൈനിക മേധാവികളെ അഭിസംബോധന ചെയ്യും. സിഡിഎസ്, സര്‍വീസ് മേധാവികള്‍ എന്നിവരെ കൂടാതെ, സിഐഎസ്സിയുടെ മൂന്ന് ഉപ മേധാവികള്‍, ഏഴ് ആര്‍മി കമാന്‍ഡ് മേധാവികള്‍, ആറ് എയര്‍ കമാന്‍ഡ് മേധാവികള്‍, ഇന്ത്യന്‍ നാവികസേനയുടെ മൂന്ന് കമാന്‍ഡ് മേധാവികള്‍ എന്നിവരുള്‍പ്പെടെയുള്ള കരസേനാ ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button