IndiaLatest

അരുണാചല്‍; സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ പതിനൊന്ന് സ്ഥലങ്ങള്‍ക്ക് ചൈന പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ ഇന്ത്യ. പേരുമാറ്റം കൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്ന് ഇന്ത്യ പ്രതികരിച്ചു. അരുണാചലിന്റെ ഭാഗങ്ങളെ ടിബറ്റിന്റെ തെക്കന്‍ ഭാഗമായ സാങ്‌നാന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ചൈന പുതിയ പേരുകള്‍ നല്‍കിയത്. ഞായറാഴ്ചയാണ് ചൈനീസ് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

അരുണാചലില്‍ ചൈന ഇത്തരം ശ്രമം നടത്തുന്നത് ആദ്യമായല്ലെന്ന് പ്രതികരിച്ച വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി, നടപടി ഇന്ത്യ പൂര്‍ണ്ണമായും തള്ളുന്നെന്ന് പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതെന്നും അങ്ങനെയായിരിക്കും. പേരുകള്‍ നല്‍കാനുള്ള ശ്രമം ഈ യാഥാര്‍ത്ഥ്യത്തെ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അരുണാചലിലെ രണ്ട് പാര്‍പ്പിട മേഖലകള്‍, അഞ്ച് പര്‍വത ശിഖരങ്ങള്‍, രണ്ട് നദികള്‍, രണ്ട് പ്രദേശങ്ങള്‍ എന്നിവയ്‌ക്ക് ചൈന അവരുടെ ഭൂമിശാസ്ത്രപരമായ നിയമങ്ങള്‍ അനുസരിച്ച്‌ പുതിയ പേരിട്ടെന്ന് സര്‍ക്കാര്‍ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ ഭാഷകളിലായി പുറത്തിറക്കിയ ഉത്തരവില്‍ ഏതൊക്കെ ജില്ലകളുടെ കീഴിലാണ് ഈ പ്രദേശങ്ങള്‍ വരുന്നതെന്നും വിശദീകരിക്കുന്നുണ്ട്.

അരുണാചല്‍ പ്രദേശ് ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമായ സാങ്‌നാന്‍ (ചൈനയുടെ ടിബറ്റിന്റെ തെക്കന്‍ ഭാഗം) ആണെന്നാണ് ചൈനയുടെ അവകാശവാദം. മാര്‍ച്ച്‌ 24, 25 തീയതികളില്‍ ജി20 ഉച്ചകോടിയുടെ ഭാഗമായി രണ്ടു ദിവസത്തെ സമ്മേളനത്തിന് അരുണാചലിന്റെ തലസ്ഥാനം ഇറ്റാനഗര്‍ വേദിയായതിന് പിന്നാലെയാണ് ചൈനയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

2017ല്‍, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അരുണാചലില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ സമാനമായ നീക്കം ചൈന നടത്തിയിരുന്നു. 2021 ജനുവരിയിലും 15 സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്തു. അന്നും ചൈനയുടെ നടപടികളെ തള്ളിയ ഇന്ത്യ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ മേഖലയുടെ പദവിയില്‍ മാറ്റം വരുത്തില്ലെന്ന് വ്യക്തമാക്കിയതാണ്.

sims 4 download apk

KMS Download

Related Articles

Back to top button