IndiaLatest

യുക്രെയിനിലെ ഉന്നത മന്ത്രി ഇന്ത്യയിലേയ്ക്ക്

“Manju”

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായി യുക്രെയിനിലെ ഉന്നത മന്ത്രി ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തുന്നു. യുക്രെയിനിന്റെ ഉപവിദേശകാര്യ മന്ത്രി എമിനി ഡിസാപറോവ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ചയാണ് ഇന്ത്യയിലെത്തുന്നത്. ഉഭയകക്ഷി ബന്ധങ്ങള്‍, യുക്രെയിനിലെ നിലവിലെ സാഹചര്യങ്ങള്‍, ആഗോള പ്രശ്‌നങ്ങള്‍ എന്നിവയാണ് സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവുന്നത്.

വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിശ്രി എന്നിവരുമായി ഡിസാപറോവ കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ യുക്രെയിനുമായി ഊഷ്മളവും സൗഹൃദപരവുമായ ബന്ധങ്ങളും ബഹുമുഖ സഹകരണവും പങ്കിടുന്നു. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ച്‌ കഴിഞ്ഞ 30 വര്‍ഷം പിന്നിടുമ്ബോള്‍ ഇന്ത്യയും യുക്രെയിനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വ്യാപാരം, വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം എന്നീ മേഖലകളില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പരസ്‌പര ധാരണയും താത്‌പര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായാണ് യുക്രെയിന്‍ മന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനമെന്ന് ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.

റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന യുക്രെയിനിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള മാനുഷിക സഹായവും ഉപകരണങ്ങളും ഇന്ത്യയോട് ഡിസാപറോവ അഭ്യര്‍ത്ഥിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോ‌ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രെയിന്‍ തലസ്ഥാനമായ കീവ് സന്ദര്‍ശനത്തിനായി ക്ഷണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ ജി20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇന്ത്യ യുദ്ധത്തില്‍ റഷ്യയെ നേരിട്ട് കുറ്റപ്പെടുത്താതെ വിഷയത്തില്‍ നയതന്ത്ര പരിഹാരമാണ് വേണ്ടതെന്നുള്ള നിലപാടാണ് സ്വീകരിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നതും ഇന്ത്യ തുടരുകയാണ്.

Related Articles

Back to top button