KeralaLatest

കോഴിക്കോടിന് ഇനി ശാന്തിഗിരി വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രഭ

ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ഇന്ന് തിരിതെളിയിക്കും

“Manju”
കോഴിക്കോടിന് ഇനി ശാന്തിഗിരി വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രഭ

കോഴിക്കോട്: സ്നേഹത്തിന്റെയും സൌഹാര്‍ദ്ധത്തിന്റെയും മതേതരമണ്ണായ കോഴിക്കോടിന് ഇനി വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രഭ. കക്കോടി ആനാവ്കുന്നില്‍ ഇതള്‍വിരിയുന്നത് ശില്പചാതുരി നിറഞ്ഞ ശാന്തിഗിരിയുടെ ആത്മീയ സൌധം. അവിടെ നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ എണ്ണച്ചായ ചിത്രം പ്രതിഷ്ഠിക്കും.

ജാതിമതഭേദമന്യേ ഏവര്‍ക്കും കടന്നുവരാം എന്നതാണ് വിശ്വജ്ഞാനമന്ദിരത്തിന്റെ പ്രത്യേകത. കുന്നിൻ മുകളിലെ മന്ദിരവും ചുറ്റുമുളള പ്രകൃതിരമണീയതയും വർണ്ണനാതീതമായ ആകാശകാഴ്ചകളും വരും ദിവസങ്ങളിൽ കോഴിക്കോടിന്റെ മനസ്സിൽ ഇടംപിടിക്കും.

14000 ചതുരശ്ര അടി വിസ്തൃതിയിലും 72 അടി ഉയരത്തിലും മൂന്നു നിലകളിലായി തലയെടുപ്പോടെ നിൽക്കുന്ന മനോഹരസൗധം. ഓരോ നിലയിലും 12 വീതം 36 ഇതളുകളുളള പൂർണ്ണമായി വിടർന്ന താമരശില്പം.

അകത്തളത്തിൽ ശില്പചാതുരിയുടെ വിസ്മയം തീർക്കുന്ന 34 തൂണുകൾ, താഴത്തെ നിലയില്‍ മധ്യഭാഗത്തായി 21 അടി ചുറ്റളവില്‍ മണ്ഡപം, അതിനോട് ചേര്‍ന്ന് ചിത്രപ്പണികള്‍ നിറഞ്ഞ ബാലാലയം, രാജസ്ഥാനില്‍ നിന്നുളള മക്രാന മാര്‍ബിളാണ് നിലത്ത് വിരിച്ചിട്ടുളളത്. മുകളിലത്തെ നിലകളിൽ ഗുരു ഉപയോഗിച്ചിരുന്ന സാധനങ്ങൾ സൂക്ഷിക്കുന്ന മ്യൂസിയം.

ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് കോൺസ്പ്റ്റ് ഡിസൈനിംഗ് നിർവഹിച്ചത്. ലൈറ്റിംഗ് ഡിസൈൻ പ്രശസ്ത ഛായാഗ്രാഹകൻ എസ്. കുമാറിന്റേതാണ്. നിർമ്മാണപ്രവർത്തനങ്ങളിൽ പ്രശസ്ത സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലിന്റെ മേൽനോട്ടവുമുണ്ട്. ഗുരുവിന്റെ എണ്ണച്ചായചിത്രം വരച്ചിരിക്കുന്നത് പ്രശസ്ത ചിത്രകാരന്‍ ജോസഫ് റോക്കി പാലക്കലാണ്.

ഇന്ന് (ഏപ്രില്‍ 9 ന് ഞായറാഴ്ച) രാവിലെ 9 മണിക്ക് വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച ആയിരക്കണക്കിന് ഗുരുഭക്തരെ സാക്ഷിയാക്കി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി വിശ്വജ്ഞാനമന്ദിരത്തിന് തിരിതെളിയിക്കും. മന്ദിരത്തിന്റെ മധ്യഭാഗത്തായുളള മണ്ഡപത്തിൽ നവജ്യോതിശ്രീകരുണാകരഗുരുവിന്റെ എണ്ണച്ചായചിത്രം പ്രതിഷ്ഠിക്കും. തുടര്‍ന്ന് ആരാധന, ഗുരുപൂജ, ഗുരുദര്‍ശനം എന്നിവ നടക്കും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങി സന്ന്യാസി സന്ന്യാസിമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. തിരിതെളിയിക്കലിനു ശേഷം ശിഷ്യപൂജിത ഭക്തരെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം. എല്‍.എ മാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക ആദ്ധ്യത്മിക കലാ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. 10 നാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിക്കപ്പെടുന്നത്.

Related Articles

Back to top button