InternationalLatestTech

ചാറ്റ്‌ബോട്ടിന്റെ സഹായംകൊണ്ട് വിദ്യാര്‍ത്ഥി പരീക്ഷയില്‍ നേടിയത് 94 ശതമാനം മാര്‍ക്ക്

“Manju”

ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുറകേയാണ് ലോകം. ഇത്തരത്തില്‍ ക്ലാസില്‍ കയറാതെ വീട്ടിലിരുന്ന് എഐ ചാറ്റ്‌ബോട്ടിന്റെ സഹായത്തോടെ പരീക്ഷയില്‍ 94 ശതമാനം മാര്‍ക്ക് നേടിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി.
സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് ഇതേ സംബന്ധിച്ച കുറിപ്പ് വിദ്യാര്‍ത്ഥി പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
വിദ്യാര്‍ത്ഥി പഠനത്തെ സഹായിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള തന്റെ അനുഭവമാണിതെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. അധ്യാപകരുടെ ഒരു ലക്ചര്‍ പോലും കേള്‍ക്കാതെ, ക്ലാസില്‍ കയറാതെ തനിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ചാറ്റ് ബോട്ടിനെ ഉപയോഗിച്ച്‌ മൂന്ന് ദിവസം കൊണ്ട് പഠിച്ച്‌ സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഉന്നത വിജയം നേടാനായെന്നാണ് വിദ്യാര്‍ത്ഥി പോസ്റ്റില്‍ പറയുന്നത്.
സെമസ്റ്ററിന്റെ ഭൂരിഭാഗം സമയത്തും വീട്ടിലിരിക്കേണ്ടി വന്നു. പിന്നീടാണ് മൂന്ന് ദിവസം കഴിഞ്ഞ് പരീക്ഷയാണെന്ന് മനസിലായത്. 12 ആഴ്ചകളിലായി നടന്ന അധ്യാപകരുടെ ഒരു ലക്ചര്‍ ക്ലാസിന് പോലും കയറിയിട്ടില്ല. ഇത്രയും നീണ്ട മണിക്കൂറുകളില്‍ പഠിപ്പിച്ച പാഠഭാഗങ്ങളില്‍ ഏത്, എവിടെ മുതല്‍ പഠിക്കണം എന്നതിനെ കുറിച്ച്‌ ഒരു ധാരണയുമില്ല. ഈ അവസ്ഥയിലാണ് വിദ്യാര്‍ത്ഥി ചാറ്റ് ബോട്ടിന്റെ സഹായം തേടിയത്. ചാറ്റ് ബോട്ടിന് ലക്ചര്‍ നോട്ടുകള്‍ നല്‍കുകയും പിന്നീട് ഇതില്‍ നിന്ന് പരീക്ഷയ്ക്ക് ആവശ്യമായ ഭാഗങ്ങള്‍ ഏതൊക്കെയെന്ന് ചുരുങ്ങിയ വാക്കില്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
പരീക്ഷയ്ക്കാവശ്യമായ ഭാഗങ്ങള്‍ തങ്ങളുടെ അല്‍ഗോരിതം ഉപയോഗിച്ച്‌ ചാറ്റ്‌ബോട്ട് കണ്ടെത്തി സംഗ്രഹിച്ച്‌ വിദ്യാര്‍ത്ഥിക്ക് നല്‍കി. പിന്നീട് വിദ്യാര്‍ത്ഥി ഇതിലെ പ്രധാനപ്പെട്ട പോയിന്റുകള്‍ മാത്രം വിശദീകരിച്ചു നല്‍കാനും ആവശ്യപ്പെട്ടു. അങ്ങനെ നീണ്ട ലക്ചര്‍ നോട്ടുകള്‍ മൂന്നുനാല് മണിക്കൂറായി ചുരുക്കാന്‍ സാധിച്ചു. പിന്നീടാണ് വിദ്യാര്‍ത്ഥി ഇത് മാത്രം പഠിച്ച്‌ പരീക്ഷയെഴുതിയത്. റിസള്‍ട്ട് വന്നപ്പോള്‍ ക്ലാസില്‍ കയറാതെ മൂന്ന് ദിവസം മാത്രം പഠിച്ച്‌ പരീക്ഷയെഴുതിയ തനിക്ക് 94 ശതമാനം മാര്‍ക്ക് ലഭിച്ചെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഈ കുറിപ്പ് ഇതിനകം എണ്ണായിരത്തി എഴുനൂറിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button