KeralaLatest

മണ്ണെണ്ണയുടെ കരുത്തില്‍ റോക്കറ്റ്; ഐ.എസ്.ആര്‍.ഒ.പരീക്ഷണം വിജയം

“Manju”

തിരുവനന്തപുരം: ഉപഗ്രഹ റോക്കറ്റുകളുടെ ശേഷി ഇരട്ടിയാക്കാന്‍ ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച മണ്ണെണ്ണ ചേര്‍ത്ത ഇന്ധനത്തിന്റെയും അതുപയോഗിച്ചുള്ള സെമി ക്രയോജനിക് എന്‍ജിന്റെയും പരീക്ഷണം വിജയം. ഇതോടെ ബാഹുബലി എന്ന ജി.എസ്.എല്‍.വി. മാര്‍ക്ക് ത്രീ റോക്കറ്റിന്റെ ഉപഗ്രഹ വിക്ഷേപണ ശേഷി 6,000 മുതല്‍ 10,000കിലോഗ്രാം വരെ വര്‍ദ്ധിപ്പിക്കാം. നിലവില്‍ 4,000 കിലോയാണ് ശേഷി.

തമിഴ്നാട്ടില്‍ മഹേന്ദ്രഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ളക്സില്‍ പുതുതായി നിര്‍മ്മിച്ച ടെസ്റ്റ് സെന്ററിലാണ് 15 മണിക്കൂര്‍ നീണ്ട പരീക്ഷണം നടത്തിയത്. എന്‍ജിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ വിജയമായിരുന്നു. ഉയര്‍ന്ന മര്‍ദ്ദത്തിലും താഴ്ന്ന മര്‍ദ്ദത്തിലും ടര്‍ബോ പമ്പുകള്‍, ഗ്യാസ് ജനറേറ്റര്‍, കണ്‍ട്രോള്‍ സംവിധാനങ്ങള്‍, പ്രൊപ്പലന്റ് ഫീഡ് സിസ്റ്റം തുടങ്ങിയവ പരീക്ഷിച്ചു.

തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിനാണ് ജിഎസ്‌എല്‍വി മാര്‍ക്ക് മൂന്നില്‍ ഉപയോഗിച്ചത്. ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനുമാണ് ഇന്ധനം. സെമി ക്രയോജനിക് എന്‍ജിനില്‍ ഹൈഡ്രജനു പകരം ശുദ്ധീകരിച്ച മണ്ണെണ്ണയാണ്. ഇതിന് ഇസ്രോസീന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയ പേര്. ഇതോടെ റോക്കറ്റിന്റെ ത്രസ്റ്റ് 725കിലോന്യൂട്ടണില്‍ നിന്ന് 2000കിലോ ന്യൂട്ടണായി വര്‍ദ്ധിക്കും. അതിന്റെ ടര്‍ബോ പവര്‍ 36മെഗാവാട്ടായും ഉയരും.നിലവിലുള്ള റോക്കറ്റുകളുടെ വികാസ് എന്‍ജിന് 5 മെഗാവാട്ടാണ് ടര്‍ബോ പവര്‍.

റഷ്യയും അമേരിക്കയും ശുദ്ധീകരിച്ച ഏവിയേഷന്‍ ഗ്രേഡ് മണ്ണെണ്ണയാണ് റോക്കറ്റുകളില്‍ ഉപയോഗിക്കുന്നത്. ചന്ദ്രദൗത്യത്തില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട അമേരിക്ക വിജയിച്ചത് ശുദ്ധീകരിച്ച മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ചപ്പോഴാണ്. മണ്ണെണ്ണയോ ഹൈഡ്രസിനോ മികച്ചതെന്ന ആശയകുഴപ്പത്തില്‍ ഏതാനും വര്‍ഷം പാഴാക്കിയ സോവിയറ്റ് യൂണിയന് ബഹിരാകാശമേഖലയില്‍ ഒന്നാംസ്ഥാനം നഷ്ടമാക്കി.

സെമി ക്രയോജനിക് എന്‍ജിനും മണ്ണെണ്ണ ഇന്ധനവും വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ( എല്‍.പി.എസ്.സി ) ആണ്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ് എല്‍.പി.എസ്.സി.ഡയറക്ടറായിരുന്നപ്പോള്‍ 2007ലാണ് പദ്ധതി ആരംഭിക്കുന്നത്.
പെട്രോളിയത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ ദ്രാവകമാണ് മണ്ണെണ്ണ. റേഷന്‍ മണ്ണെണ്ണ ആയാലും വിമാന, റോക്കറ്റ് ഇന്ധനമായാലും വ്യത്യാസം അതിലെ സള്‍ഫര്‍ പോലുള്ള മറ്റു വസ്തുക്കളുടെ അളവാണ്. റേഷന്‍ മണ്ണെണ്ണയില്‍ നൂറില്‍ ഒരംശം വരെ മറ്റു മാലിന്യങ്ങള്‍ ഉണ്ടാവാം. ഏവിയേഷന്‍ ഇന്ധനത്തില്‍ സള്‍ഫറും മാലിന്യങ്ങളും പതിനായിരത്തില്‍ ഒരംശമാക്കി ശുദ്ധീകരിക്കും. റോക്കറ്റ് ഇന്ധന മണ്ണെണ്ണയില്‍ പത്തുലക്ഷത്തില്‍ ഒരംശം എന്നതോതില്‍ പോലും മാലിന്യങ്ങള്‍ ഉണ്ടാവില്ല. അടിസ്ഥാനപരമായി എല്ലാം മണ്ണെണ്ണയാണ്. ശുദ്ധിയുടെ നിലവാരത്തില്‍ റോക്കറ്റ് പ്രൊപ്പലന്റ് 1,ജെറ്റ് എ, ജെറ്റ് പ്രൊപ്പലന്റ് 5 എന്നിങ്ങനെ ഗ്രേഡ് ചെയ്തിട്ടുണ്ട്. ഇതില്‍ റോക്കറ്റ് പ്രൊപ്പലന്റ് 1 ഗ്രേഡ് മണ്ണെണ്ണയാണ് സെമി ക്രയോജനിക് എന്‍ജിനില്‍ ഉപയോഗിക്കുന്നത്.

Related Articles

Back to top button