KeralaLatest

പടയപ്പ വീണ്ടും മാലിന്യ സംസ്‌കരണ പ്ലാന്റില്‍

“Manju”

ഇടുക്കി: നിരന്തരം ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍. മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നത് പതിവായിരിക്കുകയാണ്. ഈ സമയങ്ങളില്‍ ജീവനക്കാര്‍ പുറത്തിറങ്ങാനവാതെ കുടുങ്ങിക്കിടന്നതും നിരവധി തവണയാണ്. ഇതേ തുടര്‍ന്ന് വനം വകുപ്പ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും നിത്യ സന്ദര്‍ശകനാണ് പടയപ്പ. ഇടയ്‌ക്ക് ടൗണിലെത്താറുള്ള പടയപ്പ ഈ മേഖലയിലെ കച്ചവടക്കാര്‍ക്കും വാഹന യാത്രികര്‍ക്കും ഏറെ ഭീഷണിയാണ്. എന്നാല്‍ മൂന്നാര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് തീറ്റ തേടി പടയപ്പ എത്തുന്നു എന്നതാണ് പ്രദേശവാസികളുടെ പുതിയ പ്രശ്‌നം. പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ആന അകത്താക്കാറുണ്ട്.

ആവശ്യത്തിന് വനം വകുപ്പ് വാച്ചര്‍മാരെ നിയോഗിക്കുന്നതിനോ ആനയെ നിരീക്ഷിക്കുന്നതിനോ വനം വകുപ്പ് തയാറാകുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ജനവാസ മേഖലയില്‍ ഫെന്‍സിംഗോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാട് കയറ്റണമെന്നതുമാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. ജനവാസ മേഖലയില്‍ ഇറങ്ങുന്ന പടയപ്പ ഇതുവരെ ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും വ്യാപക കൃഷിനാശമാണ് ഉണ്ടാക്കാറുള്ളത്. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും തീറ്റ തേടുന്നത് ആനയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയായിട്ട് കൂടി സംരക്ഷണം ഒരുക്കേണ്ട വനം വകുപ്പ് ഇതിന് തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

Related Articles

Back to top button