KeralaLatest

വേനല്‍ ; ഡാമുകളിലെ ജലനിരപ്പ് താഴുന്നു.

“Manju”

തൊടുപുഴ: ഇടവിട്ട് വേനല്‍ മഴ ലഭിച്ചിട്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 28 ശതമാനത്തില്‍ താഴെയെത്തി.

ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2326.9 അടിയാണ് ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 27.90 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ജലനിരപ്പ് 2339.62 അടിയായിരുന്നു, 37.16%. മുന്‍വര്‍ഷത്തേക്കാള്‍ 13 അടി കുറവ്.

വേനല്‍ ആരംഭിച്ച്‌ രണ്ടര മാസമാകുമ്ബോള്‍ 21 ശതമാനം വെള്ളമാണ് കുറഞ്ഞത്. കാലവര്‍ഷവും തുലാവര്‍ഷവും കുറഞ്ഞതും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവുമാണ് ജലനിരപ്പ് കുറയാന്‍ പ്രധാന കാരണം. ഇടയ്ക്കിടെ വേനല്‍ മഴ ലഭിച്ചതും കൂടുതല്‍ പുറം വൈദ്യുതി എത്തിച്ച്‌ ശരാശരി ഉത്പാദനം 10 ദശലക്ഷത്തില്‍ താഴെ നിറുത്താനായതും കുത്തനേ ജലനിരപ്പ് താഴാതിരിക്കാന്‍ കാരണമായി. കെ.എസ്..ബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട അണക്കെട്ടുകളിലാകെ 29 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 2019ലാണ് ഇതിന് മുമ്ബ് ഇതിലും താഴെ ജലശേഖരം എത്തിയത്.

മഴപെയ്തിട്ടും ഉപഭോഗം കുറഞ്ഞില്ല

ഇടവിട്ട് മഴയെത്തിയിട്ടും ചൂട് കുറയാത്തതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 93 ദശലക്ഷം യൂണിറ്റിന് മുകളിലാണ് പ്രതിദിന ഉപഭോഗം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശരാശരി 8 മുതല്‍ 10 ദശലക്ഷം യൂണിറ്റ് കൂടുതല്‍. പുറം വൈദ്യുതി എത്തിച്ച്‌ പ്രശ്‌നം പരിഹരിച്ചെങ്കിലും ജൂണില്‍ മഴ കുറഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.

ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തില്‍)

പമ്ബ, കക്കി– 26

ഷോളയാര്‍– 67

ഇടമലയാര്‍– 29

കുണ്ടള– 94

മാട്ടുപ്പെട്ടി– 35

കുറ്റ്യാടി– 34

തരിയോട്– 16

പൊന്മുടി– 43

നേര്യമംഗലം– 56

പെരിങ്ങല്‍ക്കുത്ത്– 26

ലോവര്‍ പെരിയാര്‍– 59

 

 

Related Articles

Back to top button