KeralaLatest

ശരീരത്തിന്റെയും മനസ്സിന്റെയും ഒരുമയാണ് യോഗ- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

പോത്തൻകോട് : സംഘർഷഭരിതമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ ശാരീരികമാനസിക ഘടകങ്ങളെ മനസ്സിലാക്കി ശരീരത്തിന്റെയും മനസ്സിന്റേയും ഒരുമയെ ഉദ്‌‌ബോധിപ്പിക്കുന്നതാണ് യോഗയെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി പോത്തൻകോട് നടന്ന യോഗദിനാചരണം പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. യോഗ എന്ന ശാസ്ത്രത്തെ ലോകവ്യാപകമാക്കുന്നതിൽ പ്രധാനമന്ത്രി വഹിക്കുന്ന പങ്ക് വളരെ ശ്ലാഘനീയമാണ് . യോഗ എന്നത് കേവലമൊരു വ്യായാമം മാത്രമല്ല, മറിച്ച് നമ്മളും പ്രകൃതിയും ലോകവും ഒന്നാണെന്ന മാനവികതയുടെ പുതുബോധമാണ് യോഗ ലോകത്തിന് പകരുന്നത്. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗയെന്നും സ്വാമി പറഞ്ഞു. മുതിർന്ന യോഗ അദ്ധ്യാപിക എൻ.കെ. വിമലയെ ചടങ്ങിൽ ആദരിച്ചു. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ഡി.കെ.സൗന്ദരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭാരതീയ ജനതാപാർട്ടി തിരുവനന്തപുരം ജില്ലാ ട്രഷറർ എം. ബാലമുരളി, പ്രൊഫ. ഡോ.ജെ. നിനപ്രിയ, ഫിസിക്കൽ എഡ്യൂക്കേഷൻ റീഡർ ബിനോദ്.കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷീജ.എൻ, വർമ്മം ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ഡോ..ജെന്നിഫർ ലെൻസി, അദ്ധ്യാപകരായ രജ്ഞിത.വി, ഡോ.പ്രകാശ്.എസ്.എൽ, ഡോ.വനിത.എം, ഡോ. കവിത. ജി, ഡോ.കലൈശെൽവി ബാലകൃഷ്ണൻ, ഡോ. എൽ. ശിവവെങ്കിടേഷ് എന്നിവർ പങ്കെടുത്തു.

യോഗദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സന്നദ്ധ സംഘടനകളിലെ പ്രവർത്തകരും രാവിലെ 6.30 ന് പോത്തൻകോട് ക്രിബാൾട്ടൺ സ്പോർട്സ് ടർഫിലെത്തി കൂട്ട യോഗ നടത്തി . കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കോമൺയോഗ പ്രോട്ടോക്കോൾ പ്രകാരമാണ് യോഗപ്രദർശനം നടന്നത്. നൂറോളം വിദ്യാർത്ഥികൾ അധ്യാപകരും യോഗപ്രദർശനത്തിന്റെ ഭാഗമായി യോഗ മുറകൾ അവതരിപ്പിച്ചു.

 

 

Related Articles

Back to top button