KeralaLatest

കെ എസ് ആര്‍ ടി സി പെൻഷൻ കുടിശിക രണ്ടു ദിവസത്തിനകം നൽകണം

“Manju”

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ കുടിശിക ഏപ്രിൽ 12നകം നൽകിയില്ലെങ്കിൽ ചീഫ്സെക്രട്ടറിയും ഗതാഗതവകുപ്പ് സെക്രട്ടറിയും കോടതിയിൽ നേരിട്ടെത്തി കാരണം വിശദീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമയബന്ധിതമായി പെൻഷൻ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം വക്കം സ്വദേശി കെ. അശോക്‌കുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഹർജി 12ന് വീണ്ടും പരിഗണിക്കും.

കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം മുടങ്ങിയതിനെത്തുടർന്ന് ഹർജിക്കാരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ സമയബന്ധിതമായി പെൻഷൻ നൽകാൻ സിംഗിൾബെഞ്ച് ഉത്തരവ് നൽകിയിരുന്നു. പെൻഷൻതുക മാസത്തിലെ ആദ്യആഴ്‌ചതന്നെ നൽകണമെന്നും കഴിയുമെങ്കിൽ ആദ്യ അഞ്ചുദിവസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും പെൻഷൻ വിതരണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജി നൽകിയത്.

ഈ ഹർജി പരിഗണിച്ച മാർച്ച് 16 മുതൽ നിലപാട് അറിയിക്കാൻ കെ.എസ്. ആർ.ടി.സി സമയം തേടുകയാണെന്ന് ഹൈക്കോടതി വിലയിരുത്തി. മാർച്ച് 20ന് ഹർജി പരിഗണിച്ചപ്പോൾ പെൻഷൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചെന്നും ചില വകുപ്പുകളുടെ അനുമതികൂടി ലഭിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി ഒരാഴ്‌ചകൂടി സമയം കെ.എസ്.ആർ.ടി.സി തേടിയിരുന്നു. പിന്നീട് മാർച്ച് 28നും 31നും ഹർജി പരിഗണനയ്ക്കു വന്നപ്പോൾ വീണ്ടും സമയം തേടുകയാണുണ്ടായത്. ഇതോടെ രണ്ടുമാസത്തെ പെൻഷൻ കുടിശ്ശികയായി. തുടർന്നാണ് രണ്ടുദിവസത്തിനകം പെൻഷൻ നൽകില്ലെങ്കിൽ ചീഫ് സെക്രട്ടറി വി.പി. ജോയി, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദ്ദേശിച്ചത്.

Related Articles

Back to top button