Uncategorized

ഛിന്നഗ്രഹത്തിന് മലയാളിയായ അശ്വിന്‍ ശേഖറിന്റെ പേര്

“Manju”

കോഴിക്കോട്: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനി മലയാളി ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടും. അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പാലക്കാട് ജില്ലയില്‍ ചേര്‍പ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയായ അശ്വിനെ, ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍’ എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ പരിചയപ്പെടുത്തുന്നത്. 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള മൈനര്‍ പ്ലാനറ്റ് (asteroid) അഥവ ഛിന്നഗ്രഹം ഇനി ‘(33928) അശ്വിന്‍ശേഖര്‍’ (‘(33928)എന്നറിയപ്പെടും.

യു.എസില്‍ അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000എല്‍ജെ27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്. സൗരയൂഥത്തില്‍ ചൊവ്വ ഗ്രഹത്തിനും വ്യാഴത്തിനുമിടയ്ക്ക് കാണപ്പെടുന്ന ‘ഛിന്നഗ്രഹ ബെല്‍റ്റി’ല്‍ നിന്നുള്ള ഈ ആകാശഗോളത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 4.19 വര്‍ഷം വേണം. അശ്വിന്റെ പേരിട്ട ഛിന്നഗ്രഹത്തിന്റെ വിവരങ്ങള്‍ നാസയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തലശ്ശേരി സ്വദേശിയായ വൈനു ബാപ്പുവിന് ശേഷം, ഒരു ഛിന്നഗ്രഹത്തിന് മലയാളിയുടെ പേര് ലഭിക്കുന്നത് ആദ്യമായാണ്. ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജന്‍, സി.വി.രാമന്‍, സുബ്രഖഹ്‌മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങള്‍ നാമകരണം ചെയ്തിട്ടുണ്ട്.

‘ഉല്‍ക്കാപഠനരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം അശ്വിന് നല്‍കുന്നതെ’ന്ന് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ വിശദീകരിച്ചു. പാരിസ് ഒബ്‌സര്‍വേറ്ററിയിലെ ‘സെലസ്റ്റിയല്‍ മെക്കാനിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടി’ല്‍ ഉല്‍ക്കാപഠനസംഘത്തിലെ അംഗമാണ് 38-കാരനായ ഡോ.അശ്വിന്‍. ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവ സംബന്ധിച്ച് അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ.അശ്വിനും പ്രഭാഷകനായിരുന്നു. ആ സമ്മേളനത്തിനിടെയാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം അസ്‌ട്രോണമിക്കല്‍ യൂണിയന്‍ നടത്തിയത്.

2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പി.എച്ച്.ഡി. എടുത്ത അശ്വിന്‍, നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘സെലസ്റ്റിയല്‍ മെക്കാനിക്‌സി’ല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പോന്ന ഉയരങ്ങള്‍ കീഴടക്കുന്ന ഈ യുവഗേഷകന്‍, ലണ്ടന്‍ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ്. കൂടാതെ, ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയനില്‍ (ഐ.എ.യു) പൂര്‍ണ്ണവോട്ടവകാശമുള്ള അംഗവുമാണ്. അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി എന്നിവയിലും അംഗത്വമുണ്ട്. അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയും അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്‌സും ചേര്‍ന്ന് നല്‍കുന്ന പ്രസിദ്ധമായ ‘ദാന്നി ഹൈനമാന്‍ പ്രൈസ്’ നിശ്ചയിക്കുന്ന ആറംഗ ജൂറിയില്‍ അംഗമാണ് ഈ മലയാളി ഗവേഷകന്‍. മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ശാസ്ത്രവിഷയങ്ങള്‍ എഴുതാറുള്ള ശാസ്ത്രപ്രചാരകന്‍ കൂടിയാണ്.
ബഹറൈനില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖര്‍ സേതുമാധവന്റെയും അനിത ശേഖറിന്റെയും മകനാണ് അശ്വിന്‍

 

Related Articles

Check Also
Close
  • ……
Back to top button