InternationalLatest

സമുദ്രത്തിന്റെ അടിത്തട്ടില്‍ പൊട്ടിത്തെറിച്ച ടൈറ്റനില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

“Manju”

വാഷിംഗ്‌ടണ്‍: സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക്കിനെ കാണാനുള്ള യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച ടൈറ്റാൻ പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് മനുഷ്യന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. യു എസ് കോസ്റ്റ്ഗാര്‍ഡാണ് ഇക്കാര്യം പുറത്തുവിട്ടത്. സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ അമേരിക്കയില്‍ എത്തിച്ച്‌ കൂടുതല്‍ വിശകലനങ്ങള്‍ നടത്തുമെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

സമുദ്രത്തില്‍ നടത്തിയ പരിശോധനയില്‍ പേടകത്തിന്റെ പിൻഭാഗമാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്ന് വെറും അഞ്ഞൂറ് മീറ്റര്‍ മാറിയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിര്‍ണായകമായി.

അപകട കാരണമുള്‍പ്പടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി അവശിഷ്ടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് അധികൃതര്‍. സമുദ്രജലത്തിന്റെ അതിഭയങ്കരമായ സമ്മര്‍ദ്ദത്തില്‍ പേടകം പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനയിലേ ഇക്കാര്യം വ്യക്തമാകൂ. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാൻ അപകട കാരണം വ്യക്തമായി കണ്ടെത്തേണ്ടതുണ്ട്.

ജൂണ്‍ 18ന് നടന്ന അപകടത്തെപ്പറ്റി യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Back to top button