IndiaLatest

ഇന്ത്യ ലോകചരിത്രത്തിലെ അതികായര്‍

“Manju”

പാരീസ് : ലോക ചരിത്രത്തിലെ അതികായരാണ് ഇന്ത്യയെന്നും ഭാവിയില്‍ വഹിക്കാൻ പോകുന്ന പങ്ക് വളരെ നിര്‍ണായകമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഫ്രാൻസിന്റെ തന്ത്രപ്രധാന പങ്കാളിയും അടുത്ത സുഹൃത്തും ആണെന്ന് മാക്രോണ്‍ വ്യക്തമാക്കി. ദേശീയ ദിനമായ ബാസ്റ്റില്‍ ഡേ പ്രമാണിച്ച്‌ ഇന്നലെ പാരീസില്‍ നടന്ന പ്രൗഢ ഗംഭീരമായ സൈനിക പരേഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പരാമര്‍ശം.

മാക്രോണിന്റെ പത്നി ബ്രിജിറ്റ്, ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു. ‘സാരേ ജഹാൻ സേ….’ ഗാനത്തിന്റെ ഈണം അകമ്പടിയാക്കി ഇന്ത്യൻ സായുധസേനയുടെ 269 അംഗ ട്രൈസര്‍വീസ് സംഘം പരേഡില്‍ മാര്‍ച്ച്‌ ചെയ്തു.

ഇന്ത്യൻ വ്യോമസേനയുടെ ഫ്രഞ്ച് നിര്‍മ്മിത റാഫേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ഫ്ലൈപാസ്റ്റിന് നിറഞ്ഞ കൈയ്യടിയായിരുന്നു. ഇന്ത്യൻ ആര്‍മിയുടെ പഞ്ചാബ് റെജിമെന്റിലെ സൈനികരുടെ സല്യൂട്ട് മോദി സ്വീകരിച്ചു. പരേഡില്‍ പങ്കെടുത്ത ഇന്ത്യൻ സൈനികര്‍ക്ക് മാക്രോണ്‍ നന്ദിയറിയിച്ചു. ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രാൻസിനൊപ്പം പോരാടിയ ഇന്ത്യൻ സൈനികരെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ശക്തവും വിശ്വസ്തവുമായ പങ്കാളിയായതിന് 140 കോടിവരുന്ന ഇന്ത്യൻ ജനത ഫ്രാൻസിനോട് നന്ദിയറിയിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു.

Related Articles

Back to top button