KeralaLatest

കേരള–യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തൺ

“Manju”

തിരുവനന്തപുരം; കേരളവും യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ടൂറിസം രംഗത്തെ സഹകരണത്തിനുമായി മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു. യുഎഇ പ്രസിഡന്റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഓർമയ്ക്കായി യുഎഇ–കേരള സയിദ് ചാരിറ്റി മാരത്തൺ 2023–24 എന്നാണ് പരിപാടിക്ക് പേരു നൽകിയിരിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ട ചർച്ചകൾക്കായി നാളെ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം യുഎഇയിലേക്ക് പോകാൻ ആലോചിച്ചിരുന്നെങ്കിലും വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

വിപുലമായ രീതിയിൽ മാരത്തൺ സംഘടിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. യുഎഇ സർക്കാരുമായുള്ള ചർച്ചകൾ നടന്നാൽ മാരത്തണിനായി ടൂറിസം വകുപ്പ് പ്രത്യേക ഓഫിസ് തുറക്കും. യുഎഇ സർക്കാർ പ്രതിനിധികളെയും ഭരണാധികാരികളെയും മാരത്തൺ ചടങ്ങിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലായിരിക്കും മാരത്തൺ നടക്കുക. സ്ഥലവും തീയതിയും ചർച്ചകൾ പൂർത്തിയായശേഷം തീരുമാനിക്കും. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ പരിപാടി നടക്കുമെന്ന് അധികൃതർ പറയുന്നു. ഈ മാസം അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എ.എബ്രഹാം, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല ഐഎഎസ്, ടൂറിസം ഡയറക്ടർ പി.ബി.നൂഹ് ഐഎഎസ്, സ്പോർട് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി എന്നിവരാണ് യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉണ്ടായിരുന്നത്. യാത്രാ അനുമതിക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇന്ന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

Related Articles

Back to top button