KeralaLatest

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ല

“Manju”

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്. പാലക്കാട് സ്വദേശികളായ ബാലചന്ദ്രന്‍, പ്രേമകുമാരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്താല്‍ കൈവശാവകാശം കൈമാറി രജിസ്റ്റര്‍ ചെയ്യാന്‍ സബ് രജിസ്ട്രാര്‍ അനുവദിച്ചില്ലെന്നാരോപിച്ചായിരുന്നു ഹർജി.

വസ്തു ‘വെറും പാട്ടമാണെന്ന്’ ഹർജിക്കാർ അവകാശപ്പെടുന്നതു കൊണ്ടാണ് മുന്നാധാരം ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്നാണ് സർക്കാർ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ കൈവശാവകാശം കൈമാറാൻ കഴിയുമെന്നും സർക്കാർ ഭൂമിയല്ലാത്തതിനാൽ രജിസ്ട്രേഷൻ നിഷേധിക്കാനാവില്ലെന്നും ഹർജിക്കാർ വാദിച്ചത് ഹൈക്കോടതി അംഗീകരിച്ചു.

ഭൂമിയുടെ കൈവശാവകാശം കൈമാറാൻ നിയമപരമായി വിലക്കില്ലെന്നും കൈവശത്തിന്റെ അടിസ്ഥാനം പാട്ടാവകാശമാണോ ഉടമസ്ഥാവകാശമാണോയെന്ന് സബ് രജിസ്ട്രാർമാർ നോക്കേണ്ടതില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. പ്രമാണത്തിലെ വാചകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഉടമസ്ഥത അന്തിമമായി സ്ഥാപിക്കപ്പെടുന്നില്ലെന്നും മുന്‍ ഉത്തരവിലുണ്ട്. രജിസ്‌ട്രേഷന്‍ നിയമത്തിലെ 17-ാം വകുപ്പ് പ്രകാരം മുന്നാധാരം നിഷ്‌കര്‍ഷിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കൈവശാവകാശം പോലും കൈമാറ്റം ചെയ്യാനാകുമെന്നും സര്‍ക്കാര്‍ ഭൂമിയല്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നിഷേധിക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. മറ്റു നടപടിക്രമങ്ങള്‍ പാലിച്ച് കൊണ്ട് ഹര്‍ജിക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button