KeralaLatest

തൃശൂരില്‍ കണ്ണും മനവും നിറച്ച്‌ പുലിപൂരം

“Manju”

തൃശൂര്‍ പൂരത്തിന്റെ നാട്ടില്‍ ജനസാഗരത്തിന്റെ കണ്ണും മനവും നിറച്ച്‌ ചിങ്ങമാസത്തിലെ പൂരുരുട്ടാതി നാളില്‍ പുലികളിറങ്ങി. വര്‍ണനകള്‍ക്കതീതമായ ആവേശവും താളവും മേളവും നവലോക സന്ദേശം പകര്‍ന്ന നിശ്ചലദൃശ്യങ്ങളും പുലികളിയുടെ ചാരുതയ്ക്ക് മാറ്റുകൂട്ടി. ആര്‍പ്പുവിളികളും ആരവവും നിറഞ്ഞാടിയ പുലിപൂരം കാര്‍ഷിക സംസ്കൃതിയുടെ 200 വര്‍ഷത്തെ പഴക്കമുള്ള ഉത്സവത്തിന് മാറ്റുകൂട്ടി. മാസങ്ങളുടെ തയ്യാറെടുപ്പും കഠിനാധ്വാനവും കരുത്തുപകര്‍ന്ന പുലികളി കാണാൻ ജനം നഗരത്തിലേക്ക് ഒഴുകി.
വെള്ളിയാഴ്ച വൈകിട്ട് നഗരചത്വരത്തിലിറങ്ങിയ പുലികള്‍ രാത്രി ഒമ്പതരവരെ നൃത്തച്ചുവടുമായി നീങ്ങി. അഞ്ചുദേശങ്ങള്‍ അണിനിരന്ന പുലിസംഘങ്ങള്‍ വിവിധ പുലിമടകളില്‍നിന്നാണ് സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. പതിവുപോലെ നടുവിലാല്‍ ഗണപതിക്കുമുന്നില്‍ തേങ്ങയുടച്ച്‌ അവര്‍ താളത്തിനൊത്ത് ചുവടുവച്ചു നീങ്ങി. ചരിത്രവും വര്‍ത്തമാനവും പുരാണവും ഹരിതസന്ദേശവും ഇഴചേര്‍ന്ന നിശ്ചലദൃശ്യങ്ങള്‍ ഓരോ സംഘത്തിനൊപ്പവും വൈദ്യുത വര്‍ണങ്ങള്‍ വാരിവിതറി. സീതാറാം മില്‍ ദേശം, വിയ്യൂര്‍ സെന്റര്‍, കാനാട്ടുകര, ശക്തൻ, അയ്യന്തോള്‍ എന്നീ ദേശങ്ങളാണ് പുലികളിയില്‍ അരങ്ങുവാണത്. ഓരോ സംഘത്തിലും അറുപതോളം പുലികള്‍ നിരന്നു.
രാവിലെമുതല്‍ ശരീരത്തില്‍ പുലികള്‍ക്കായുള്ള ചായം പൂശല്‍ തുടങ്ങി. ഉച്ചയോടെ രംഗത്തുവന്നു. വൈകിട്ട് നഗരത്തില്‍ ഇറങ്ങി. നാലു വര്‍ഷത്തിനുശേഷം ഇത്തവണ രണ്ട് പെണ്‍പുലികളും ചുവടുവച്ചു. സിനിമ സീരിയല്‍ താരങ്ങളും മോഡലുകളുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോ, തളിക്കുളം സ്വദേശിനി താര എന്നിവരാണ് പുലികളായത്. ഇക്കുറി നിരവധി കുട്ടിപ്പുലികളും ചുവടുവച്ചു.

Related Articles

Back to top button