IndiaLatest

2047-ഓടെ ഇന്ത്യ വികസിത രാജ്യമാകും

“Manju”

ന്യൂഡല്‍ഹി: 2047-ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ജി-20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നതിലൂടെ മൂന്നാംലോക രാജ്യങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചതായും നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ പത്താമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്നതില്‍നിന്ന് അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയിലേക്ക് പത്തുവര്‍ഷത്തില്‍ കുറഞ്ഞ സമയംകൊണ്ട് എത്തിച്ചേരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. വരുന്ന ആയിരം വര്‍ഷത്തേക്ക് ഓര്‍മിക്കപ്പെടാൻ പോകുന്ന വളര്‍ച്ചയ്ക്ക് തറക്കല്ലിടാൻ 2047 വരെയുള്ള കാലഘട്ടത്തില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു.

ബഹിരാകാശ രംഗത്ത് നമുക്കുണ്ടാക്കാനായിട്ടുള്ള നേട്ടങ്ങള്‍ ലോകം ആഘോഷിക്കുകയാണ്. മിക്കവാറും എല്ലാ ആഗോള കായിക മത്സരങ്ങളിലും ഇന്ത്യക്കാര്‍ മുൻ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ യൂണിവേഴ്സിറ്റികള്‍ ലോകത്തെ മികച്ച റാങ്കിങ് നേടുന്നു. ഇതിങ്ങനെ തുടര്‍ന്നാല്‍ സമീപഭാവിയില്‍ത്തന്നെ ഇന്ത്യ ലോകത്തിലെ മികച്ച മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറും. 2047-ഓടെ നമ്മുടെ രാജ്യം വികസിത രാജ്യമായി മാറുമെന്ന് ഉറപ്പാണ്.

ഇന്ത്യ ജി-20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് മൂന്നാംലോക രാജ്യങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷസ്ഥാനത്തോടെ നമ്മുടെ വാക്കുകളും കാഴ്ചപ്പാടുകളും വെറും ആശങ്ങളായല്ല, ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം കാണുന്നത്. ജി-20 അധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ട്, സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന രാജ്യങ്ങളുടെ കടങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് തയ്യാറാക്കുന്നതിനുള്ള ആവശ്യം ഇന്ത്യ ഉയര്‍ത്തിക്കാണിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യ മുന്നോട്ടുവെച്ച സബ്കാ സാത്, സബ്കാ വികാസ് മാതൃക ഇപ്പോള്‍ ലോകത്തിന്റെതന്നെ ക്ഷേമത്തിനുള്ള മാതൃകയായി മാറിയിരിക്കുകയാണ്. അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Related Articles

Back to top button