IndiaLatest

ആദിത്യ; രണ്ടാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം

“Manju”

ബെംഗളുരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-01 ന്റെ രണ്ടാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. ഇന്ന് പുലര്‍ച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. നിലവില്‍ ഭൂമിയില്‍ നിന്നും കുറഞ്ഞ അകലം 282 കിമി, കൂടിയ ദൂരം 40,225 കി.മി ദൂരത്തുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. ബെംഗളുരു, മൗറീഷ്യസ്, പോര്‍ട്ട്‌ബ്ലെയര്‍ എന്നിവിടങ്ങളിലെ ഇസ്രോ/ഇസ്ട്രാക് കേന്ദ്രങ്ങളില്‍ നിന്നാണ് ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ നിയന്ത്രിച്ചത്. ഇനി ഭൗമമണ്ഡലത്തിലെ രണ്ട് ഭ്രമണപഥം ഉയര്‍ത്തല്‍ കൂടിയാണ് ബാക്കിയുള്ളത്. ശേഷം എല്‍-01 പോയിന്റിലേക്കുള്ള 125 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ആദിത്യ എല്‍-01 ആരംഭിക്കും. ഈ മാസം 10ന് പുലര്‍ച്ചെ 2.45 നാണ് അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍.

സൗരാന്തരീക്ഷത്തിന്റെ പുറംപാളിയായ കൊറോണയെ കുറിച്ചുള്ള വിവരങ്ങള്‍ ഉപഗ്രഹത്തില്‍ നിന്നും ജനുവരിയില്‍ ലഭിച്ചു തുടങ്ങുമെന്നാണ് വിലയിരുത്തല്‍. ഇതിന് മുന്നോടിയായി വിശദാംശങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് സജ്ജമായി കഴിഞ്ഞു. ഉപഗ്രഹത്തിലെ പ്രധാന പേലോഡായ വിസിബിള്‍ എമിഷൻ ലൈൻ കൊറോണഗ്രാഫ് നിര്‍മ്മിച്ചത് ഐഐഎയുടെ ഹോസ്‌കോട്ടെയിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ആൻഡ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് ടെക്നോളജിയായിരുന്നു. എംജികെ മേനോൻ ലാബിലായിരുന്നു നിര്‍മ്മാണം. ലഗ്രാഞ്ച് പോയിന്റില്‍ നിന്നും കൊറോണയുടെ ചിത്രങ്ങള്‍ 24 മണിക്കൂറും തുടര്‍ച്ചയായി പകര്‍ത്തുക എന്നതാണ് വിഎല്‍ഇസിയുടെ പ്രധാന ദൗത്യം. 190 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്.

പ്രതിദിനം 1,440 ചിത്രങ്ങളാകും ഇത് ഭൂമിയിലേക്ക് അയക്കുക. ഹൈക്വാളിറ്റി ചിത്രങ്ങളായിരിക്കും ഇവ. ഇതുവരെ ലഭിച്ച കൊറോണയുടെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാകും ഇതെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ പ്ലാസ്മ അവസ്ഥയിലുള്ള കൊറോണ വലിയ തോതിലാണ് വാതകങ്ങളും ദ്രാവങ്ങളും പുറന്തള്ളുന്നത്. ഇവ ബഹിരാകാശ കാലാവസ്ഥയെ തകിടം മറിക്കുന്നതിനും ഭൗമാന്തരീക്ഷത്തിലെത്തി ഭൂകാന്തിക കൊടുങ്കാറ്റ് സൃഷ്ടിക്കുന്നതിനും ഉപഗ്രഹങ്ങള്‍ക്ക് തകരാറുകള്‍ വരുത്താനും കാരണമാകുന്നു. ഇതിനെ കുറിച്ച്‌ പഠിക്കുന്നതിനായി പ്രത്യേക അല്‍ഗോരിതം ആര്യഭട്ട റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സര്‍വേഷൻ സയൻസുമായി സഹകരിച്ച്‌ ഐഐഎ വികസിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button