IndiaLatest

75 അദ്ധ്യാപകര്‍ക്ക് ഇന്ന് രാഷ്‌ട്രപതി അവാര്‍ഡ് നല്‍കും

“Manju”

2023-ലെ ദേശീയ അദ്ധ്യാപക ദിന ആഘോഷത്തിന്റെ ഭാഗമായി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 75 മികച്ച അദ്ധ്യാപകര്‍ക്ക് ഇന്ന് അവാര്‍ഡ് കൈമാറും. ന്യൂഡല്‍ഹിയിലെ വിജ്ഞാൻ ഭവനില്‍ വച്ചാണ് അവാര്‍ഡ് ദാനം നടക്കുക. സര്‍ട്ടിഫിക്കറ്റും 50,000 രൂപ ക്യാഷ് അവാര്‍ഡും വെള്ളി മെഡലും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞദിവസം പുരസ്‌കാരത്തിന് അര്‍ഹരായ അദ്ധ്യാപകരുമായി പ്രധാനമന്ത്രി സംവദിച്ചിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരെ കണ്ടതിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. “ദേശീയ അദ്ധ്യാപക അവാര്‍ഡുകള്‍ നല്‍കി ആദരിച്ച നമ്മുടെ രാജ്യത്തിന് മാതൃകയായ അദ്ധ്യാപകരുമായി കൂടിക്കാഴ്ച നടത്തി. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിനുള്ള അവരുടെ സമര്‍പ്പണവും വിദ്യാഭ്യാസത്തിന്റെ മികവിനുവേണ്ടിയുള്ള അവരുടെ ദൃഢമായ പ്രതിബദ്ധതയും പ്രചോദനകരമാണ്. ക്ലാസ് മുറികളില്‍, അവര്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ശോഭനമായ ഭാവി പടുത്തുയര്‍ത്തുകയാണ്“- മോദി ട്വിറ്റ് ചെയ്തു.

അര്‍പ്പണബോധത്തിലൂടെയും പ്രയത്‌നത്തിലൂടെയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും വിദ്യാര്‍ത്ഥികളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്ത മികച്ച അദ്ധ്യാപകരെ ആദരിക്കുക എന്നതാണ് ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 50 സ്‌കൂള്‍ അദ്ധ്യാപകര്‍, ഉന്നത വിദ്യാഭ്യാസ വിഭാഗത്തിലെ 13 അദ്ധ്യാപകര്‍, വികസനസംരംഭകത്വ മന്ത്രാലയത്തിലെ 12 അദ്ധ്യാപകര്‍ എന്നിവരാണ് ഈ വര്‍ഷത്തെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിന് അര്‍ഹരായത്.

തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത രാജ്യത്തെ മികച്ച അദ്ധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നതിനായി എല്ലാ വര്‍ഷവും അദ്ധ്യാപക ദിനത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചാണ് ദേശീയ അദ്ധ്യാപക ദിനമായി രാജ്യം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഈ ദിനത്തിലാണ് അദ്ധ്യാപക പുരസ്‌കാരം നല്‍കുക.

Related Articles

Back to top button