KeralaLatest

ഇന്ന് ദേശീയ അധ്യാപക ദിനം

“Manju”

1961 സെപ്റ്റംബര്‍ അഞ്ചു മുതലാണ് ദേശീയ അധ്യാപക ദിനം ആചരിച്ചു തുടങ്ങിയത്. ദേശീയ അധ്യാപക ദിനം ആചരിച്ചു തുടങ്ങിയിട്ട് ഇന്നേക്ക് അറുപത്തി രണ്ട് കൊല്ലമാകുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതിയും തത്വചിന്തകനും പേര് കേട്ട അധ്യാപകനും ആയിരുന്ന ഡോ സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തിലാണ് അധ്യാപകദിനം ആചരിക്കുന്നത്.
അദ്ദേഹം ഉപരാഷ്ട്രപതി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം അദ്ദേഹത്തിന്റെ ശിഷ്യരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന്, തങ്ങളുടെ അധ്യാപകന് ലഭിച്ച പരമോന്നത ബഹുമതിയില്‍ സന്തോഷം പങ്കിടാനായി ഓഫീസില്‍ എത്തുകയും അദ്ദേഹത്തെകണ്ട് ഒരു ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതു മറ്റൊന്നുമായിരുന്നില്ല തങ്ങളുടെ എല്ലാമെല്ലാമായ അധ്യാപകന്റെ ജന്മദിനം വളരെ ആഘോഷപൂര്‍വം നടത്തണം എന്നുള്ളതായിരുന്നു. ശിഷ്യരുടെ ആവശ്യം കേട്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ ജന്മദിനം വ്യക്തിപരമായി ആഘോഷിക്കുന്നതിനോട് യോജിപ്പില്ല. എന്നാല്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും വേണ്ടിയുള്ളതാകട്ടെ ഈ ആഘോഷം. അങ്ങനെയാണ് സെപ്റ്റംബര്‍ അഞ്ച് ദേശീയ അധ്യാപക ദിനമായി ആചരിച്ചു തുടങ്ങിയത്.

ഗുരു എന്ന വാക്കിന് ഭാരത സംസ്‌കാരത്തില്‍ മൂല്യമേറിയതും അനന്തവുമായ അര്‍ത്ഥതലങ്ങളുടെ വിശാലമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. ഗുരു എന്നാല്‍ അന്ധകാരമാകുന്ന അജ്ഞാനത്തെ നശിപ്പിച്ച്‌ ജ്ഞാനമാകുന്ന പ്രകാശം പടര്‍ത്തുന്നവനെന്നാണ് അര്‍ത്ഥം. ഗുരു തന്റെ ശിഷ്യന് ആധ്യാത്മിക അനുഭൂതികളും ആധ്യാത്മിക ജ്ഞാനവും പകര്‍ന്നു നല്‍കുന്നവനുമാണ്. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ആ ആധ്യാത്മിക ബന്ധങ്ങളുടെയും കാഴ്ചപ്പാടുകളുടെയും നിറം മങ്ങുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറേ കാലങ്ങളായി നാം കണ്ടു വരുന്നത്.
ഗുരുകുല സമ്പ്രദായത്തില്‍ നിന്നും കൃത്രിമ ബുദ്ധിയുടെ പാഠശാലകളിലേക്കുള്ള മാറ്റം ലോകത്തു തന്നെ വിപ്ലവകരമായ മാറ്റം കൊണ്ട് വന്നിരിക്കുകയാണ്. കൃത്രിമബുദ്ധിയുടെ കാലത്ത് ലോക രാജ്യങ്ങളെല്ലാം ഒരേ കാഴ്ചപ്പാടോടും ലക്ഷ്യത്തോടും മുന്നേറുന്ന രംഗങ്ങളും നാടാടെയാണ്. അധ്യാപകര്‍ക്ക് പകരം റോബോര്‍ട്ടുകള്‍ ക്ലാസ് എടുത്തു തുടങ്ങി. സര്‍വരംഗങ്ങളിലും മൂല്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കോവിഡിന്റെ വരവ് അതിന് പതിന്മടങ്ങ് ശക്തി കൂട്ടി എന്ന് വേണം കരുതാന്‍. വിദ്യാഭ്യാസ മേഖലയുടെ കാര്യമെടുത്താല്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ അധ്യയനവും അധ്യാപനവും തമ്മിലുള്ള അകലം വര്‍ധിപ്പിച്ചു എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.
കോവിഡിനുശേഷം പ്രത്യേകിച്ച്‌ മൊബൈല്‍ യുഗത്തില്‍ കുട്ടികള്‍ക്കു വന്ന മാറ്റം അത്യപൂര്‍വമായ സംഭവമാണ്. പുതിയ തലമുറയ്ക്ക് അറിവിനപ്പുറമുള്ള തിരിച്ചറിവ് പകരാന്‍ പറ്റിയ അകക്കണ്ണും ഉള്‍ക്കാഴ്ചയുമുള്ളവരായി അധ്യാപക സമൂഹവും രക്ഷിതാക്കളും മാറേണ്ടതുണ്ട്. സൈബര്‍ യുഗത്തിലെ കുട്ടികളുടെ മനോഭാവവും അഭിരുചിയും കഴിഞ്ഞ നൂറ്റാണ്ടില്‍ ജനിച്ചവരില്‍ നിന്ന് ഏറെ വിഭിന്നമാണ്. അത് മനസ്സിലാക്കി മാത്രമേ ന്യു ജനറേഷനുമായി സംവദിക്കാനാകൂ. അധ്യാപകര്‍ നിരന്തരം സ്വയം നവീകരിച്ചാല്‍മാത്രമേ പുതിയ തലമുറയെ ശരിയായ വിധം വിദ്യ അഭ്യാസിപ്പിക്കാനാകൂ. അവരുടെ മാറ്റം മനസിലാക്കാതെ ചില അധ്യാപകരും രക്ഷിതാക്കളും നടത്തുന്ന അതിരു കടന്ന ഇടപെടലുകള്‍ മറ്റ് പല വിഷയങ്ങള്‍ക്കും കാരണമാകാറുണ്ട്.
കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളുടെ നൂലാമാലകള്‍ പേടിച്ച്‌ നിസംഗതയോടെ മാറിനില്‍ക്കുന്ന അധ്യാപകരുടെ എണ്ണം ഓരോ ദിവസം കഴിയുംതോറും കൂടി വരുന്നു. സ്വന്തം കുട്ടികളുടെ പ്രശ്‌ന പരിഹാരം എങ്ങനെ സാധ്യമാക്കുന്നുവോ അത് പോലെ ആകണം മറ്റ് കുട്ടികളുടെ കാര്യത്തിലും. ഇവിടെയാണ് ഗുരു നിത്യചൈതന്യതിയുടെ വാക്കുകളുടെ പ്രസക്തി. തന്റെ മുന്നിലിരിക്കുന്ന കുട്ടികളെ സ്വന്തം കുട്ടികളായി കണ്ട് ചേര്‍ത്ത് നിര്‍ത്താന്‍ ഒരധ്യാപകന് കഴിയണം. അവിടെ തീരുന്ന പ്രശ്‌നങ്ങളെ ഉള്ളൂ എല്ലാം. പക്ഷേ എത്രപേര്‍ ആ ചുമതല കൃത്യമായി പാലിക്കുന്നുണ്ട് എന്നുള്ളത് ചോദ്യചിഹ്‌നംതന്നെയാണ്. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധം അകന്നു പോകുന്ന കാഴ്ചകളാണ് ഭൂരിഭാഗവും കാണാന്‍ കഴിയുന്നത്. അധ്യാപകരെ എറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിരവധി കുട്ടികള്‍ കലാലയങ്ങളിലുണ്ട്. അധ്യാപകരെ ബഹുമാനിക്കുകയും അവര്‍ക്ക് വേണ്ട സ്ഥാനം സമൂഹത്തിലും സ്വന്തം ഹൃദയത്തിലും നല്‍കുന്ന ഒരുകാലത്തില്‍ നിന്നും എല്ലാം സൈബര്‍മയമാകുന്ന കാലത്തിലേക്ക് നമ്മള്‍ മാറുമ്പോള്‍ ചില മൂല്യങ്ങളും ബന്ധങ്ങളും അന്യമായിത്തീരുന്നു. ഇത്തരം അന്യമാക്കലുകളെ ഒഴിവാക്കി ബന്ധങ്ങളെ സചേതനമാക്കുന്ന കാലത്തിലേക്കുള്ള ചവിട്ടുപടികളായി ഓരോഅധ്യാപകദിനവും മാറട്ടെ..

Related Articles

Back to top button