IndiaLatest

ചരിത്രപ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്

“Manju”

ചരിത്രപ്രസിദ്ധമായ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. സദ്യക്ക് വിളമ്പാന്‍ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. സദ്യ ഒരുക്കിയിരിക്കുന്നത് 300 ഓളം പാചക വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിലാണ്. ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത 63 വിഭവങ്ങളാണ് വള്ളസദ്യയ്ക്ക് വിളമ്പുന്നത് എന്നതാണ്. വള്ളസദ്യക്ക് തുടക്കമാവുന്നത് വഴിപാട് നടത്തുവാൻ പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങുന്ന ആചാരത്തോടെയാണ്. അനുവാദം വാങ്ങിയ ശേഷം വഴിപാടുകാര്‍ സദ്യക്കുള്ള ഒരുക്കം തുടങ്ങും. ആരാണോ വഴിപാട് നടത്തുന്നത് അവര്‍ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമര്‍പ്പിക്കുന്നു.

ഓരോ പള്ളിയോട കടവില്‍ നിന്നും ആചാരപ്രകാരം പള്ളിയോടത്തെ യാത്രയയ്ക്കും. വഴിപാട് ആരുടെയാണോ അവര്‍ കരമാര്‍ഗം ക്ഷേത്രത്തിലേക്ക് എത്തും. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടുകൂടി പള്ളിയോടങ്ങള്‍ പമ്പാനദിയിലൂടെ ക്ഷേത്ര സന്നിധിയിൽ എത്തും. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം നേരെ കൊടിമരച്ചുവട്ടിലേക്ക് ശേഷം വഞ്ചിപ്പാട്ടും പാടി വള്ളസദ്യ ഉണ്ണാന്‍ ഊട്ടുപുരയിലേക്ക്. ഊട്ടുപുരയിലെത്തിയാലും ചടങ്ങ് പൂര്ണമാവുന്നില്ല. ഓരോ പാട്ടിന്റെ അകമ്പടിയോടുകൂടിയാണ് വിഭവങ്ങള്‍ ചോദിക്കുന്നത്. ചോദിക്കുന്ന വിഭവങ്ങൾ എല്ലാം വഴിപാടുകാരന്‍ വിളമ്പുന്നു.

സദ്യക്ക് ശേഷം കൊടിമരച്ചുവട്ടിലെത്തി തൊഴുത ശേഷം നിറച്ചു വച്ചിരിക്കുന്ന പറ മറിക്കും. ദക്ഷിണ വാങ്ങിയ ശേഷം വഴിപാടുകാരെ അനുഗ്രഹിച്ച് പള്ളിയോട കരക്കാര്‍ തിരികെ മടങ്ങുന്നു. 12 പള്ളിയോടങ്ങളാണ് ഇന്നലെ മാത്രം കരയിലെത്തിയത്.

Related Articles

Back to top button