IndiaLatest

രാജ്യത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളെ പ്രശംസിച്ച്‌ ലോകബാങ്ക്

“Manju”

ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച്‌ ലോകബാങ്ക്. ആഗോള തലത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ വളര്‍ച്ച പരിവര്‍ത്തനമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലോക ബാങ്ക് അറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സൗകര്യങ്ങള്‍ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അഞ്ച് പതിറ്റാണ്ട് കൊണ്ട് നേടേണ്ടതാണ് കേവലം ആറ് വര്‍ഷം കൊണ്ട് രാജ്യം നേടിയെടുത്തത്. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ ലളിതമായി നിറവേറ്റുന്നതിനായി രാജ്യം വികസിപ്പിച്ച യുപിഐ, ജൻധൻ, ആധാര്‍, ഒഎൻഡിസി, കോവിൻ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജി20 ഉച്ചകോടിയ്‌ക്ക് മുന്നോടിയായി തയ്യാറാക്കിയ ലോകബാങ്ക് റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സുപ്രധാന നടപടികളെയും ഡിജിറ്റല്‍ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ പങ്കും വ്യക്തമായി വിശദമാക്കുന്നു.

എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ കണക്ടിവിറ്റി എന്നിവയുടെ സംയോജന രൂപമായ JAM എന്ന ത്രിത്വം, ഡിജിറ്റല്‍ സാക്ഷരതയില്‍ പിന്നിലുള്ള സാധാരണക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും വിവര സാങ്കേതികവിദ്യയുടെ വിശാല ലോകം തുറന്നു. 2008-ല്‍ ഡിജിറ്റല്‍ സാക്ഷരര്‍ 25 ശതമാനമായിരുന്നെങ്കില്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 80 ശതമാനത്തോളം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

ഡിജിറ്റല്‍ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറുകല്‍ (ഡിപിഐ) അവതരിപ്പിച്ചതിന് ശേഷം അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഭാരതം കാഴ്ച വെച്ചത്. ഇതില്‍ ഏറ്റവും പ്രധാനം ആധാര്‍ കാര്‍ഡാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടെന്ന ആശയത്തില്‍ ആരംഭിച്ച പദ്ധതിയായ പ്രധാൻമന്ത്രി ജൻ ധൻ യോജന ആരംഭിച്ച വര്‍ഷം മുതല്‍ വൻ കുതിപ്പാണ് സൃഷ്ടിക്കുന്നത്. രണ്ടാം വര്‍ഷമായി 2015-ന്റെ ആദ്യ പാദത്തില്‍ 147.2 ദശലക്ഷമായിരുന്നു അക്കൗണ്ട് എടുത്തവരുടെ എണ്ണം. ഇത് 2022 ആയപ്പോള്‍ 462 ദശലക്ഷമായി. ഈ അക്കൗണ്ടുകളില്‍ 56 ശതമാനവും സ്ത്രീകളാണെന്നത് സ്ത്രീ ശാക്തീകരണത്തിന് ഉദാഹരണമാണ്. 260 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്കാണ് കഴിഞ്ഞ ഒൻപത് വര്‍ഷത്തിനിടെ സ്വന്തമായി ബാങ്ക് അക്കൗണ്ട് ലഭിച്ചത്.

റീട്ടെയില്‍ പേയ്‌മെന്റുകള്‍ക്കായി യുപിഐ ഉപയോഗിക്കുന്നതിന് പുറമേ ആനുകൂല്യങ്ങള്‍ നേരിട്ട് പൗരന്മാര്‍ക്ക് കൈമാറുന്നതിന് രാജ്യം സാങ്കേതികവിദ്യയെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തിയെന്നും ലോകബാങ്ക് പറയുന്നു. യുപിഐ നേട്ടങ്ങള്‍ രാജ്യത്ത് മാത്രമായി ഒതുങ്ങുന്നില്ല. മറ്റ് രാജ്യങ്ങള്‍ക്കും ഇതില്‍ നിന്ന് പ്രയോജനം ലഭിക്കും. ശ്രീലങ്ക, ഫ്രാൻസ്, യുഎഇ,സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വളര്‍ന്നുവരുന്ന പേയ്‌മെന്റ് സംവിധാനങ്ങളിലും ഡിജിറ്റല്‍ മേഖലയിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button