KeralaLatest

അധിനിവേശ യുക്രെയ്നില്‍ തെരഞ്ഞെടുപ്പുമായി റഷ്യ

“Manju”

അധിനിവേശ മേഖലകളിൽ തെരഞ്ഞെടുപ്പുമായി റഷ്യ | Russia with elections in  occupied territories | Madhyamam

മോസ്കോ: യുക്രെയ്നില്‍നിന്നു പിടിച്ചെടുത്ത പ്രദേശങ്ങളില്‍ റഷ്യ തെരഞ്ഞെടുപ്പ് നടത്തുന്നു. ഡോണറ്റ്സ്ക്, ലുഹാൻസ്ക്, സാപ്പോറിഷ്യ, ഖേര്‍സണ്‍ പ്രദേശങ്ങളില്‍ വെള്ളി മുതല്‍ ഞായര്‍ വരെ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കും.റഷ്യയിലെ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്കൊപ്പമാണിത്.


അധിനിവേശ പ്രദേശങ്ങളില്‍ റഷ്യക്കു പൂര്‍ണനിയന്ത്രണമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു തെരഞ്ഞെടുപ്പെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍പദവിയിലേക്കും പ്രാദേശിക സമിതികളിലേക്കുമെല്ലാം വോട്ടെടുപ്പു നടക്കും.

റഷ്യൻ അനുകൂലികളുടെ ശക്തികേന്ദ്രമായ ലുഹാൻസ്കിലും ഡോണറ്റ്സ്കിലും ജനം തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഖേര്‍സണ്‍, സാപ്പോറിഷ്യ പ്രദേശങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ടു പ്രദേശങ്ങളിലും റഷ്യൻ പട്ടാളത്തിനു ഭാഗിക നിയന്ത്രണമേയുള്ളൂ. റഷ്യൻ ഭരണകൂടം ഇറക്കുമതി ചെയ്തിരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരാണെന്നുപോലും ജനങ്ങള്‍ക്കറിയില്ല. റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ യുണൈറ്റഡ് റഷ്യാ പാര്‍ട്ടിയുടെയും ലിബറല്‍ ഡെമോക്രാറ്റിക് അടക്കമുള്ള മറ്റു പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. സൈനികര്‍ വീടുകള്‍ കയറിയിറങ്ങി ജനങ്ങളോടു വോട്ടുചെയ്യാൻ നിര്‍ദേശിക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

യുക്രെയ്ന്‍റെ 15 ശതമാനം വരുന്ന നാലു പ്രദേശങ്ങള്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കുകയായിരുന്നു. ഹിതപരിശോധന അന്താരാഷ്‌ട്ര സമൂഹം അംഗീകരിച്ചിട്ടില്ല.

റഷ്യൻ തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നു യുക്രെയ്നും പാശ്ചാത്യശക്തികളും വ്യക്തമാക്കി. വോട്ടെടുപ്പുഫലം അന്താരാഷ്‌ട്രസമൂഹം അംഗീകരിക്കരുതെന്നു യുക്രെയ്ൻ പാര്‍ലമെന്‍റ് ആവശ്യപ്പെട്ടു.

 

Related Articles

Back to top button