
ഇന്ന് മുതല്‍ സി 295 വിമാനം വ്യോമസേനക്ക് കരുത്തായി ഉണ്ടാകും. ഏത് കാലവസ്ഥയിലും മരുഭൂമിയിലും കടലിനു മുകളിലും രാവും പകലും പറക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. 11 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. 1960 മുതലുള്ള ആവ്‌റോ-748 വിമാനങ്ങള്‍ക്ക് പകരമാണ് സി 295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത്.
10 ടണ്‍ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തില്‍ 45 പാരാട്രൂപ്പേഴ്സിനോ 70 യാത്രക്കാര്‍ക്കോ യാത്ര ചെയ്യാം. നാല് എഞ്ചിനുള്ള ടര്‍ബോ പ്രോപ്പ് വിമാനമാണ് എയര്‍ബസിന്റെ സി-295 ട്രാൻസ്പോര്‍ട്ട് വിമാനം. വിമാനം താത്‌ക്കാലിക റണ്‍വേയിലും പെട്ടെന്നുയരുകയും ഇറങ്ങുകയും ചെയ്യും. സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങളില്‍ ഇന്ത്യക്ക് കരുത്താകുന്ന വിമാനം ഇന്ത്യയില്‍ ടാറ്റയും എയര്‍ബസും ചേര്‍ന്നായിരിക്കും നിര്‍മ്മിക്കുന്നത്. ഇന്ന് യുപിയിലെ ഹിൻഡൻ എയര്‍ബേയ്സില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കി പ്രഖ്യാപിക്കും. ചടങ്ങില്‍ ആദ്യം നടക്കുന്നത് ഡ്രോണ്‍ ഷോ ആയിരിക്കും. പീന്നിടായിരിക്കും പ്രഖ്യാപനം.
നേരത്തെ സ്‌പെയിനിലെ സെവിയയില്‍ നടന്ന ചടങ്ങില്‍ സി 295 ട്രാൻസ്പോര്‍ട്ട് വിമാനം എയര്‍ബസ് അധികൃതര്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിക്ക് കൈമാറിയിരുന്നു. അതിന് ശേഷം അതേ വിമാനത്തിലായിരുന്നു വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തിയത്.
മെയില്‍ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയ വിമാനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 1,935 കോടി രൂപയുടെ കരാര്‍ പ്രകാരമുള്ള 56 വിമാനങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ പതിനാറ് വിമാനങ്ങള്‍ സപെയ്നിലാണ് നിര്‍മ്മിക്കുക. ബാക്കി 40 എണ്ണം ഗുജറാത്തിലെ വഡോദരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒക്‌ടോബറില്‍ തറക്കല്ലിട്ട ടാറ്റയുടെ പ്ളാന്റില്‍ നിര്‍മ്മിക്കും. ഒരു സ്വകാര്യ കമ്പനി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ സൈനികവിമാനമാണ് സി 295 ട്രാൻസ്പോര്‍ട്ട് വിമാനം.