IndiaLatest

വാഹനം നിര്‍മിക്കാന്‍ മാത്രമല്ല പൊളിക്കാനും ടാറ്റ മോട്ടോഴ്‌സ്

“Manju”

വാഹന വ്യവാസയ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന വാഹന പൊളിക്കല്‍ നയത്തിന് കരുത്തന്‍ പിന്തുണ ഉറപ്പാക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. വാഹന നിര്‍മാണ രംഗത്തെ പ്രാതിനിധ്യം പോലെ തന്നെ വാഹന പൊളിക്കല്‍ മേഖലയിലും കരുത്തുറ്റ സാന്നിധ്യമാകുകയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ മൂന്നാമത്തെ വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രം സൂറത്തില്‍ ആരംഭിച്ചു.

റീസൈക്കിള്‍ വിത്ത് റെസ്‌പെക്ട് എന്ന പേരിലാണ് ഈ കേന്ദ്രം ടാറ്റ മോട്ടോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. അത്യാധുനിക പരിസ്ഥിതി സൗഹാര്‍ദ പ്രക്രിയകളിലൂടെ വാഹനങ്ങള്‍ പൊളിക്കുന്നതാണ് ഈ കേന്ദ്രത്തിന്റെ സവിശേഷതയെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. പ്രതിവര്‍ഷം 15,000 വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള ശേഷിയാണ് ഇവിടെയുള്ളത്. ശ്രീ അംബിക ഓട്ടോയുമായി സഹകരിച്ച് ഒരുങ്ങിയിട്ടുള്ള ഈ സംവിധാനത്തില്‍ എല്ലാ ബ്രാന്റുകളുടെയും എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങളും പൊളിക്കാന്‍ സാധിക്കും.

ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുന്ന റീസൈക്ലിങ്ങ് പ്രക്രിയ ഉപയോഗിച്ച് പരമാവധി മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഒരുങ്ങിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കുന്നതിനൊപ്പം മികച്ച സാമ്പത്തിക നേട്ടവും ഉറപ്പാക്കുമെന്നാണ് ടാറ്റ ഉറപ്പുനല്‍കുന്നത്. വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് സംവിധാനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്.

ടയറുകള്‍, ബാറ്ററികള്‍, ഇന്ധനങ്ങള്‍, മറ്റ് ദ്രാവകങ്ങള്‍, വാതകങ്ങള്‍ തുടങ്ങി വാഹനങ്ങളിലുള്ള വസ്തുക്കള്‍ സുരക്ഷിതമായി വേര്‍തിരിച്ചെടുക്കാനുള്ള സംവിധാനം ഈ സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹാര്‍ദമായി വാഹനങ്ങള്‍ പൊളിക്കുന്ന രീതികളാണ് റീസൈക്കിള്‍ വിത്ത് റെസ്പെക്ട് എന്ന സംവിധാനത്തിലൂടെ ടാറ്റ മോട്ടോഴ്സ് ഉറപ്പാക്കുന്നത്. പൊളിക്കുന്ന വാഹനങ്ങളിലെ ഓരോ ഘടകങ്ങളുടെയും സുരക്ഷിതമായ പുനര്‍ ഉപയോഗവും ഇവിടെനിന്നും ഉറപ്പാക്കുന്നുണ്ട്.

ടാറ്റ മോട്ടോഴ്‌സ് രാജ്യത്ത് ആരംഭിക്കുന്ന മൂന്നാമത്തെ വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രമാണ് സൂറത്തിലേത്. മുന്‍പ് രാജസ്ഥാനിലെ ജയ്പൂരിലും ഒഡിഷയിലെ ഭൂവനേശ്വറിലുമാണ് ടാറ്റ മോട്ടോഴ്‌സ് പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിച്ചത്. എംപ്രിയോ പ്രീമിയവുമായി സഹകരിച്ചാണ് ടാറ്റ മോട്ടോഴ്സ് ഭുവനേശ്വറിലെ സ്‌ക്രാപ്പിങ്ങ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button