KeralaLatest

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: വ്യാഴാഴ്ചയ്ക്കുമുമ്പ് 55.16 കോടി സ്കൂളുകൾക്ക് നൽകണം

“Manju”

കൊച്ചി: ഉച്ചഭക്ഷണപദ്ധതിക്കുവേണ്ടി സർക്കാർ അനുവദിച്ച 55.16 കോടിരൂപ വ്യാഴാഴ്ചയ്ക്കുമുമ്പ് സ്കൂളുകൾക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കുവേണ്ടി സർക്കാർ നേരത്തേ അനുവദിച്ച 100.02 കോടിരൂപയ്ക്കുപുറമേ 55.16 കോടിരൂപകൂടി അനുവദിച്ച് സെപ്റ്റംബർ 30-ന് ഉത്തരവിറക്കിയതായി സർക്കാർ അഭിഭാഷകൻ വിശദീകരിച്ചപ്പോഴായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഈ നിർദേശം. പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കാൻ സർക്കാരിന്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷനടക്കം നൽകിയ ഹർജികളിൽ ജസ്റ്റിസ് ടി.ആർ. രവിയാണ് ഉത്തരവു നൽകിയത്. ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഈ അധ്യയനവർഷം മുഴുവൻ ഉച്ചഭക്ഷണം നൽകാൻ ഈ തുക മതിയാകുമോയെന്നും ഇല്ലെങ്കിൽ അധിക തുക എങ്ങനെ കണ്ടെത്തുമെന്നും സർക്കാർ വിശദീകരിക്കണം. അധ്യാപകർ ഉച്ചഭക്ഷണപദ്ധതിക്കുവേണ്ടി തുക ചെലവിടണോ എന്നതിൽ ഇതിനുശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭക്ഷണപദ്ധതിയിൽ സംസ്ഥാനസർക്കാരിന്റെ വിഹിതം 163.15 കോടിരൂപയാണ്.

ഹർജി കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ കുടിശ്ശികത്തുക മുഴുവൻ 15 ദിവസത്തിനകം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബർ 30 കഴിഞ്ഞിട്ടും കുടിശ്ശികത്തുക പൂർണമായും നൽകിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് 55.16 കോടിരൂപകൂടി പദ്ധതിക്കുവേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോഡൽ അക്കൗണ്ടിലേക്ക് കൈമാറി ഉത്തരവിറക്കിയതായി സർക്കാർ അറിയിച്ചത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ ഹർജിയും പരിഗണനയിലുണ്ട്.

Related Articles

Back to top button