LatestThiruvananthapuram

വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്‌എഫിന്

“Manju”

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്‌എഫിന് ഉടൻ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ കപ്പല്‍ എത്തിയതിന്റെ ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തുറമുഖം ഉള്‍പ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിലവില്‍ പ്രവേശനം കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ 400-ല്‍ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്.

കോസ്റ്റല്‍ പൊലീസിന്റെ 10 ബോട്ടുകളാണ് ചൈനയില്‍ നിന്ന് എത്തിയ ചരക്കു കപ്പലിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്. ആദ്യ കപ്പല്‍ എത്തുന്നതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി അടക്കം വിഴിഞ്ഞത്തേക്ക് എത്തുന്നതിനാല്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ പൊലീസിന്റെ നിയന്ത്രണത്തില്‍ ആവും ഈ തീരമേഖല.

ഇന്ത്യന്‍ റിസര്‍വ്ഡ് ബറ്റാലിയനിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഇപ്പോള്‍ തുറമുഖ കവാടത്തിലുണ്ട്. തുറമുഖത്തിന്റെ അതീവ സുരക്ഷാ മേഖലയില്‍ പൊതുജനങ്ങള്‍ക്കടക്കം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യാന്തര കപ്പല്‍ ചാലില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള വിഴിഞ്ഞം തുറമുഖത്ത് ശക്തമായ വ്യോമ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാജ്യത്തെ തന്ത്ര പ്രധാനമായ തുറമുഖമായി മാറാന്‍ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ആ പ്രാധാന്യത്തോടെ ഉള്ള സുരക്ഷ തന്നെ ഒരുക്കാനാണ് തീരുമാനം.

Related Articles

Back to top button