IndiaLatest

ഗ്യാസ് സിലിണ്ടര്‍-500; കുടുംബനാഥക്ക് 10,000; വാഗ്ദാനവുമായ ഗെഹ്ലോട്ട്

“Manju”

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ 1.05 കോടി കുടുംബങ്ങള്‍ക്ക് 500 രൂപക്ക് പാചകവാതകം. കുടുംബനാഥക്ക് പ്രതിവര്‍ഷം 10,000 രൂപ പാരിതോഷികം. സ്ത്രീ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കാൻ പോന്ന ഈ വാഗ്ദാനം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയ ജുൻജുനുവിലായിരുന്നു ഗെഹ്ലോട്ടിന്റെ പ്രഖ്യാപനം. കുടുംബത്തെ നയിക്കുന്ന സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഗഡുക്കളായി 10,000 രൂപ നല്‍കുന്ന പദ്ധതിയെ ഗൃഹലക്ഷ്മി ഗാരന്റിഎന്നാണ് ഗെഹ്ലോട്ട് വിളിച്ചത്. ഗ്യാസ് സിലിണ്ടറിന് 1100ല്‍പരം രൂപ കൊടുക്കേണ്ട നിലവിലെ ചുറ്റുപാടില്‍, പകുതിയില്‍ താഴെ വിലക്ക് പാചകവാതകം നല്‍കുമെന്ന പ്രഖ്യാപനം സ്ത്രീകളെ ഒന്നുകൂടി സന്തോഷിപ്പിക്കും.

സ്ത്രീ വോട്ടില്‍ ഉന്നംവെക്കുന്നതായിരുന്നു ജുൻജുനുവിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. കേന്ദ്രസര്‍ക്കാറിന്‍റെ പദ്ധതി വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് പ്രിയങ്ക പറഞ്ഞു. ജനപ്രതിനിധി സഭകളില്‍ മൂന്നിലൊന്ന് വനിതാ സംവരണം കൊണ്ടുവരുമെന്നാണ് ഇപ്പോഴത്തെ പ്രലോഭനം. എന്നാല്‍, അടുത്ത 10 വര്‍ഷം കൊണ്ട് ഇത് നടപ്പാക്കാൻ കഴിയുമോ? പ്രിയങ്ക ചോദിച്ചു. കോണ്‍ഗ്രസ് പ്രഖ്യാപനങ്ങള്‍ നടത്തുക മാത്രമല്ല, അവയാഥാര്‍ഥ്യമാക്കാൻ ശ്രദ്ധിക്കുക കൂടി ചെയ്യുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതവും ജാതിയും ചര്‍ച്ചക്കെടുത്തിട്ട് വോട്ടുതട്ടാനാണ് ബി.ജെ.പി എക്കാലവും ശ്രമിക്കുന്നത്. ജനങ്ങളെ അടിച്ചമര്‍ത്താനും നോക്കുന്നു. അധികാരത്തില്‍ തുടരാനും സ്വന്തം ഭാവി ഭദ്രമാക്കാനുമാണ് ബി.ജെ.പി എന്നും നോക്കുന്നത്. കേന്ദ്രഭരണം വിരലിലെണ്ണാവുന്ന ചില വ്യവസായികള്‍ക്ക് വേണ്ടിയാണെന്നും ജനം നേരിടുന്ന വിഷയങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച്‌ എന്തുകൊണ്ടാണ് പറയാത്തത് എന്ന ചോദ്യവുമായാണ് ബി.ജെ.പി പ്രിയങ്കയെ നേരിട്ടത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ രണ്ടു ലക്ഷമാണ്. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ ടൂറിസം വിഭാഗം അതു കാണുന്നില്ല ബി.ജെ.പി ദേശീയ വക്താവ് രാജ്യവര്‍ധൻ റാത്തോഡ് കുറ്റപ്പെടുത്തി.

Related Articles

Back to top button