Ernakulam

വിമാനത്തിലെ വിൻഡോ സീറ്റ് തർക്കം;  പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി കോടതി .

“Manju”
കൊച്ചി: വിമാന യാത്രയ്‌ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ പ്രതിയായ തൃശൂർ സ്വദേശിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി.
എയർഇന്ത്യ വിമാനത്തിൽ വിന്റോ സീറ്റ് കൈവശം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ മലയാളത്തിലെ പ്രമുഖ നടിയെ ഉപദ്രവിച്ചെന്നാണ് കേസ് . മുംബൈ- കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ഒക്ടോബർ 10 ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ നടി പറയുന്നത്.ഒക്ടോബർ 10 ചൊവ്വാഴ്ച വൈകുന്നേരം 7.20ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നാണ് അവരുടെ പരാതി. യാത്രയ്‌ക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് അനാവശ്യമായി വാക്കുതർക്കം നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നുമാണ് പരാതി. പരാതിയിൽ നടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പിന്നീട് തൃശൂർ സ്വദേശിയായ ആന്റോയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.കേസിൽ കുറ്റാരോപിതനായ തൃശൂർ സ്വദേശിയായ ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാൻ നെടുമ്പാശേരി പൊലീസ് നിർദേശിച്ചു. എന്നാൽ പിന്നീട് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകി. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ആന്റോ ഹർജിയിൽ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചിരുന്നു.
ഫ്ലൈറ്റ് മുംബൈയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് തർക്കമുണ്ടാകുന്നത്. അതുകൊണ്ട് നെടുമ്പാശ്ശേരി പൊലീസിന്റെ അധികാര പരിധിയിലല്ല ഈ കേസ് വരുന്നത്. ഇവിടെ കേസെടുക്കാൻ ആകില്ലെന്നും ഇയാൾ ഹർജിയിൽ ഉന്നയിച്ചിരുന്നു. മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ തന്റെ അറസ്റ്റ് തടയണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് പരിശോധിച്ച സെഷൻസ് ജഡ്ജി ഹണി എം വർഗീസ് മുൻ കൂർ ജാമ്യഅപേക്ഷ തള്ളി.

Related Articles

Back to top button