KeralaLatest

ലോകത്തിന് നവ സംസ്കാരം പകരാൻ കഴിയണം: സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ലോകത്തിന് നവസംസ്കാരം പകരാൻ ശാന്തിഗിരിയിലെ സാംസ്കാരിക ഡിവിഷൻ പ്രവർത്തകർക്ക് കഴിയണമെന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. സാംസ്കാരികദിനത്തോടനുബന്ധിച്ച് റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി പ്രസ്ഥാനം എന്നത് ഗുരുവിന്റെ ശരീരമാണ്. പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നത് ഗുരുശുശ്രൂഷ ചെയ്യുന്നതിന് തുല്യമാണ്. അതിനാൽ പ്രസ്ഥാനത്തെ ദുഷിക്കുന്ന വാക്കുകൾ പറയരുത്. പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരങ്ങളെ നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാൻ കഴിയണം. നിരവധി തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും ഗുരു തന്റെ ലക്ഷ്യത്തിൽ നിന്നും പിൻമാറിയിരുന്നില്ല എന്ന സത്യം നാമോർക്കണം. ഇവിടെ പ്രവർത്തിക്കാൻ എന്തെങ്കിലും ഒരു അവകാശമുള്ളവർക്ക് മാത്രമേ കഴിയൂ. അങ്ങനെ ഒരു അവകാശം നമുക്ക് തന്നിട്ടുണ്ടെങ്കിൽ അത് യോഗ്യതയോടെ ചെയ്തെടുക്കണം. ദൈവത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമ്പോൾ മാത്രമേ മനസ്സിനെ ഉയർന്നചിന്തയിലേക്ക് കൊണ്ടുവരാൻ കഴിയുകയുള്ളൂ. ജന്മം കൊണ്ടുള്ള പോരായ്മകളെ മാറ്റാനാണ് ഗുരു നമുക്ക് സാംസ്കാരിക ഡിവിഷനുകൾ നൽകിയിരിക്കുന്നത്. നമ്മുടെ നീചമായ കർമഭാഗത്തെ മാറ്റിയെടുക്കുക എന്നതാണ് സാംസ്കാരിക ഡിവിഷനുകളുടെ ദൗത്യം. ഗുരുസങ്കല്പത്തിലെ കുട്ടികൾ ലോകത്ത് മുന്നിൽ വരും. ഗുരുസ്മരണയിൽ സദാ കർമ്മം ചെയ്യുമ്പോൾ ആ ആത്മചൈതന്യം അവരിലേക്ക് വരുന്നതായി കാണപ്പെടുന്നു. സ്ത്രീകൾക്ക് പ്രത്യേക പ്രവർത്തന മേഖലകൾ നൽകിക്കൊണ്ട് ഗുരു ഉദ്ദേശിച്ചതെന്താണോ അത് ലോകത്ത് പ്രാവർത്തികമാക്കാനുള്ള ദൃഢനിശ്ചയം ഉണ്ടാക്കിയെടുക്കണം. സകല മാനവരാശിയുടേയും ഗോത്രസ്വഭാവത്തിലുള്ള തിന്മകളെ ശുദ്ധമാക്കിക്കൊണ്ട് ഗുരു മുന്നോട്ടുപോകുന്നു. പ്രാർത്ഥനയോടെയും അർപ്പണത്തോടെയും പ്രവർത്തിച്ച് ദൈവസ്നേഹത്തിന് പാത്രീഭവിക്കുവാൻ നമുക്ക് കഴിയട്ടെയെന്ന് സ്വാമി പറഞ്ഞു.

ഗുരുസ്മരണയിൽ ചെയ്യുന്ന കർമ്മമാണ് ഒരാളുടെ ഭക്തിയായി വന്നുഭവിക്കുന്നതെന്നും അതിനാൽ അന്ത്യംവരേയും അങ്ങനെ പ്രവർത്തിച്ചെടുക്കുവാനുള്ള അകമഴിഞ്ഞ പ്രാർത്ഥന സാംസ്കാരികഡിവിഷൻ ചുമതലക്കാർക്ക് ഉണ്ടായിരിക്കണമെന്നും സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി പറഞ്ഞു.
ശാന്തിഗിരി ഗുരുമഹിമ ഹെഡ് ജനനി മംഗള ജ്ഞാനതപസ്വിനി,
ജനനി ഗൗതമി ജ്ഞാനതപസ്വിനി,
ജനനി കരുണശ്രീ ജ്ഞാനതപസ്വിനി എന്നിവർ മഹനീയസാന്നിധ്യമായി. ഗുരുവിന്റെ ലക്ഷ്യമാണ് നമ്മുടെ ലക്ഷ്യമെന്നും അങ്ങനെ പ്രസ്ഥാനത്തിന്റെ കാവൽക്കാരായി മാറാൻ നമുക്ക് കഴിയണമെന്നും ആശംസ അർപ്പിച്ച ജനനി സുകൃത ജ്ഞാനതപസ്വിനി പറഞ്ഞു. ആരു തള്ളിപ്പറഞ്ഞാലും ആശ്രമത്തിന്റെ ഒരു കോണിലെങ്കിലും പിടിച്ചുനിൽക്കാനുള്ള ആർജ്ജവം ഉണ്ടാക്കിയെടുക്കണമെന്ന് അഡ്വൈസറി കമ്മിറ്റി ആർട്ട്സ് ആന്റ് കൾച്ചർ പേട്രൺ ഡോ.റ്റി.എസ്.സോമനാഥൻ അഭിപ്രായപ്പെട്ടു.
ഗുരുവിൻെറ ആശയം സ്ഥാപിച്ചെടുക്കാനാണ് സാംസ്കാരിക ഡിവിഷനുകൾ നമുക്ക് തന്നതെന്ന് ബ്രഹ്മചാരി.പി.ആർ.ശാന്തിപ്രിയൻ പറഞ്ഞു. പുതുതലമുറയെ പ്രാപ്തരാക്കാൻ വേണ്ടി സാംസ്കാരികഡിവിഷനുകൾ പിൻബലം നൽകണമെന്ന് ശാന്തിഗിരി രക്ഷാകർതൃസമിതി അസിസ്റ്റന്റ് ജനറൽ കൺവീനർ വി.എൻ.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

നവം.5 സാംസ്കാരിക ദിനത്തിൽ ആദരവേറ്റുവാങ്ങിയവർ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാതപസ്വിയ്ക്കും, വേദിയെ അലങ്കരിച്ച സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി, ജനനി മംഗള ജ്ഞാന തപസ്വിനി,  ജനനിമാർ, മുതിർന്ന ആശ്രമ പ്രവർത്തകർ എന്നിവർക്കൊപ്പം.

ആശ്രമത്തിന്റെ ആദ്യകാല വനിതാ പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. എസ്.വസന്ത, സുവർണ്ണ സുഗതൻ, കെ.വി.വള്ളി, സുജാത ഗംഗൻ, രമണി പത്മസേനൻ, എം.രാജമ്മ,
ജയ ഉല്ലാസ്, ബീന, എം.ഷീല, ജയകുമാരി, മിനി രാഘവൻ, പ്രഭ ഷാജി, ഡി.എസ്.കൃഷ്ണകുമാരി,സുലേഖ ഗോപാലകൃഷ്ണൻ, എം.ആർ.സിന്ധു, പ്രേമ ഉണ്ണി, ജയശ്രീ രാമൻ, എസ്.അംബിക എന്നിവർക്കാണ് ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകിയത്. ബ്രഹ്മചാരി പി.അരവിന്ദ്, ബ്രഹ്മചാരി ജി.ഗുരുപ്രിയൻ എന്നിവർ സന്നിഹിതരായിരുന്നു. സമ്മേളനത്തിന് എം.പി.പ്രമോദ് സ്വാഗതവും ഡോ.പി.എ.ഹേമലത കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button