KeralaLatest

ചെയ്യൂർ ഒരുങ്ങുന്നു ഗുരുവിനെ വരവേൽക്കാൻ

“Manju”

ചെന്നൈ: ആദ്യമായി ചെയ്യൂരിലെത്തുന്ന ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ വരവേൽക്കാൻ ചെയ്യൂർ ഗ്രാമം ഒന്നടങ്കം ഒരുങ്ങുകയാണ്. നഗരതിരക്കുകളിൽ നിന്നും മാറി പ്രകൃതിരമണീയമായ സ്ഥലത്താണ് ചെയ്യൂർ ആശ്രമം. സ്വാമി മനുചിത്ത് ജ്ഞാന തപസ്വിയും അഞ്ചോ ആറോ അന്തേവാസികളും പ്രാർത്ഥനയ്ക്ക് എത്തുന്ന പത്തോളം കുടുംബങ്ങളും മാത്രമായിരുന്നു ആശ്രമത്തിൽ ആദ്യം ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടം അങ്ങനെയല്ല. ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങൾ വിവിധ ബ്രാഞ്ചാശ്രമങ്ങളിൽ നിന്നും കേന്ദ്രാശ്രമത്തിൽ നിന്നും എത്തിയതോടെ പ്രദേശത്തിൻ്റെ മുഖഛായ മാറി. മഞ്ഞവസ്ത്രധാരികളായ സന്ന്യാസി സന്ന്യാസിനിമാരെ കണ്ടതോടെ പ്രദേശത്തെ ജനങ്ങൾ ആശ്രമത്തിലേക്ക് വന്നു തുടങ്ങി.

ചേറും ചതുപ്പും ഉപ്പും നിറഞ്ഞ ചെയ്യൂരിന്റെ മണ്ണിൽ കയ്യും മെയ്യും മറന്ന് പണിയെടുക്കാൻ സന്യസ്തരോടും ഗുരുഭക്തരോടുമൊപ്പം പ്രദേശവാസികൾ കൂടി എത്തിയതോടെ ഈ നാട് ഇതുവരെ ഒരു ആചാര്യനും നൽകിയിട്ടില്ലാത്ത വരവേൽപ്പിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ദിവസവും രാവിലെ കോർഡിനേഷൻ മീറ്റിംഗ് നടക്കുന്നുണ്ട്. ആളുകളെ ക്ഷണിക്കാൻ പോകുന്നത് സ്വാമി ഭാസുര ജ്ഞാന തപസ്വിയാണ്. താമസസൗകര്യത്തിന്റെ ചുമതല സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വിക്കാണ്. അടുക്കളകാര്യങ്ങളിൽ നേതൃത്വം നൽകാൻ സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വിയും സ്വാമി മുക്തചിത്തൻ ജ്ഞാന തപസ്വിയുമുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ മേൽനോട്ടം സ്വാമി മധുരനാദൻ ജ്ഞാന തപസ്വിക്കാണ്. സ്വാമി സത്യചിത്ത് ജ്ഞാന തപസ്വിക്കാണ് മെഡിക്കൽ ക്യാമ്പിന്റെ കോർഡിനേഷൻ ചുമതല. ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനിയും ജനനി മംഗള ജ്ഞാന തപസ്വിനിയും ജനനി ശാന്തിപ്രഭ ജ്ഞാന തപസ്വിനിയും ആശ്രമകാര്യങ്ങളിൽ സജീവമായി ചെയ്യൂരിലുണ്ട്. സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വിയും സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വിയും സിൽവൽ ജൂബിലി ആഘോഷങ്ങളുടെ പ്രോഗ്രാം കോർഡിനേഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ്. ജനുവരി 1 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി കൂടി എത്തുന്നതോടെ രജതജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യും.

ഗുരുവിന്റെ ഛായാചിത്രം സ്ഥാപിക്കുന്ന ധ്യാനമഠവും ദർശനമന്ദിരവും അവസാനമിനുക്കുപണികളിലാണ്. ‘ മക്കൾ ആരോഗ്യം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആരോഗ്യസംരക്ഷണപദ്ധതിയുടെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ 2024 ജനവരി 2 മുതൽ മെഡിക്കൽ സർവേ ആരംഭിക്കും. ഗുരുസ്ഥാനീയ ശിഷ്യപൂജിത ചെന്നെയിൽ എത്തുന്നത് ജനുവരി അഞ്ചിനാണ്. ആറിന് ചെയ്യൂരിൽ എത്തും. ഏഴിനാണ് തിരിതെളിയിക്കൽ. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കം അയ്യായിരത്തോളം പേർ ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് ചെയ്യൂർ ബ്രാഞ്ചാശ്രമം മേധാവി സ്വാമി മനുചിത്ത് ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button