KeralaLatest

കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായി മന്ത്രിമാര്‍; സഹായവുമായി നടന്‍ ജയറാമും

“Manju”

ഇടുക്കി: വെള്ളിയാമറ്റത്ത് കപ്പത്തൊണ്ട് കഴിച്ച 13 പശുക്കള്‍ ചത്ത കുട്ടികര്‍ഷകരുടെ വീട്ടില്‍ ആശ്വാസവുമായി മന്ത്രിമാരെത്തി. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ജലവികസന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരാണ് കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായി വീട്ടിലെത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് കാണുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നൽകും. മാട്ടുപ്പെട്ടിയില്‍ നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. അടുത്ത് ആഴ്ച തന്നെ പശുക്കളെ കൈമാറും. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇന്നുതന്നെ മിൽമ അടിയന്തര സഹായമായി 45,000 രൂപ ഇവർക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിമാര്‍ക്ക് പിന്നാലെ ന‍ടന്‍ ജയറാമും കുട്ടികര്‍ഷകര്‍ക്ക് സഹായവുമായി വീട്ടിലെത്തി. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‍ലറിന്റെ’ അണിയറപ്രവർത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണം കുട്ടികര്‍ഷകര്‍ക്ക് ജയറാം നല്‍കി. ആറേഴു വര്‍ഷം മുന്‍പ് ഇതുപോലെയുള്ള അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ജയറാം പറഞ്ഞു. 24 പശുക്കള്‍ ഒരു ദിവസം ഏതാനും സമയത്തിനുള്ളില്‍ ചത്തെന്നും അന്ന് നിലത്തിരുന്ന് കരയുകയായിരുന്നു താനെന്നും ജയറാം പറഞ്ഞു.

സഹോദരങ്ങളായ ജോർജിന്റെയും (18) മാത്യുവിന്റെയും (15) പശുക്കളാണ് ചത്തത്. വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മറ്റു പശുക്കൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കി.

മാത്യുവിന് 2021ൽ മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചി ട്ടുണ്ട്. മൂന്ന് വർഷം പിതാവ് ബെന്നി മരിച്ചതോടെ കുട്ടികളാണ് പശുക്കളെ വളർത്തിയിരുന്നത്. ഇവരുടെ ഫാമിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button