LatestPathanamthitta

കോടികളുടെ തട്ടിപ്പ് : പിന്നിൽ ബാങ്ക് ജീവനക്കാരെന്ന് സംശയം

“Manju”

പത്തനംതിട്ട : സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ കോടികളുടെ തട്ടിപ്പ്. തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളിൽ തട്ടിപ്പ് നടന്നതായാണ് വിവരം ലഭിക്കുന്നത്. ഇവിടെ മുക്കുപണ്ടങ്ങൾ പണയം വെച്ചും വസ്തു ഈടിൻമേലുള്ള വായ്പകളിലും കോടികളുടെ തട്ടിപ്പും തിരിമറിയും നടന്നതായാണ് ആരോപണം. തട്ടിപ്പിന് പിന്നിൽ ബാങ്ക് ജീവനക്കാരാണെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാങ്കിലെ ചില ജീവനക്കാർ മുഖേന സംഭവം പുറത്തുവന്നത്. അർബൻ ബാങ്കിന്റെ തിരുവല്ലയിലെ പ്രധാന ശാഖയിലും പൊടിയാടി ബ്രാഞ്ചിലുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. മുക്കുപണ്ടം പണയം വെച്ച് പൊടിയാടി ശാഖയിൽ നിന്നും 20 ലക്ഷം രൂപയും തിരുവല്ലയിലെ പ്രധാന ശാഖയിൽ നിന്നും 25 ലക്ഷം രൂപയും തട്ടിയെന്ന ാണ് വിവരം. തട്ടിപ്പിന് പിന്നിൽ ബാങ്കിലെ ജീവനക്കാർ അടങ്ങുന്ന സംഘമാണെന്നാണ് നിഗമനം. സംഭവം പുറത്തുവന്നതോടെ പണം തിരിച്ചടച്ച് പ്രശ്‌നം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഇത് കൂടാതെ സമാനമായ നിരവധി തട്ടിപ്പുകൾ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടക്കുന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. മുക്കുപണ്ടം തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ് വസ്തു ഈടിൻമേലുള്ള തട്ടിപ്പ് കഥകളും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വസ്തുവിന്റെ മതിപ്പുവിലയുടെ മൂന്നിരട്ടി വരെ വായ്പ നൽകിയതായ സംഭവങ്ങളാണ് പുറത്തായിരിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട ജീവനക്കാരുടെ വസ്തുവകകൾ വിറ്റ് പണമടച്ച് പ്രശ്‌നം ഒതുക്കിതീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സംഭവം പൊതുജനമദ്ധ്യത്തിലടക്കം ഇത്രയേറെ ചർച്ചയായിട്ടും കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത ബാങ്ക് അധികൃതരുടെ നടപടി സംശയം ജനിപ്പിക്കുന്നുണ്ട്.

Related Articles

Back to top button