IndiaLatest

സമൂഹത്തിനോടുള്ള കടപ്പാടുകൾ നിർവഹിക്കാൻ ആത്മീയത പ്രചോദനമാകണം – പാളയം ഇമാം

ദൈവത്തോട് അടുക്കണമെങ്കിൽ മനുഷ്യനെ സ്നേഹിക്കണം

“Manju”

പോത്തൻകോട് : സമൂഹത്തിനോടുള്ള കടപ്പാടുകൾ നിർവഹിക്കാൻ ആത്മീയത പ്രചോദനമായി മാറണമെന്നും ദൈവത്തിന് ഇഷ്ടമാകുന്നത് അത്തരം ആത്മീയതയാണെന്നും പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ( 30-09-2022 വെള്ളിയാഴ്ച) രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ നടന്ന സത്സംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാചകന്റെ വചനങ്ങളും നബിതിരുമേനി ശിഷ്യർക്ക് പറഞ്ഞു കൊടുത്ത കഥകളുമാണ് ഇമാം ഗുരുധർമ്മപ്രകാശസഭ അംഗങ്ങളോട് പങ്കുവെച്ചത്. ജീവിതത്തിലെ വിരക്തിയെക്കുറിച്ച് എല്ലാ മതങ്ങളും പ്രതിപാദിക്കുന്നുണ്ട് . ഇസ്ലാം മതത്തിലും അമിതമായ ഭൗതിക ആസക്തി പാടില്ല എന്നു പറയുന്നു. വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം കുടിക്കാനായി വെള്ളം തേടിപ്പോകുന്നതുപോലെയാണ് മനുഷ്യൻ ഇന്ന് പരക്കം പായുന്നതെന്നും ജീവിതത്തിൽ ആർത്തി പാടില്ലെന്നും അലക്സാണ്ടർ ചക്രവർത്തിയുടെ ജീവിതകഥയെ ആധാരമാക്കി അദ്ധേഹം പറഞ്ഞു.

ദൈവത്തിന്റെ സ്നേഹവും മനുഷ്യന്റെ സ്നേഹവും ഒരുപോലെ ലഭിക്കാൻ എന്തുചെയ്യണമെന്ന് ഒരാൾ പ്രവാചകനോട് ചോദിച്ചപ്പോൾ നിനക്ക് ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും ആർത്തി ഉപേക്ഷിക്കാനുമാണ് മറുപടി നൽകിയത്. ആത്മീയത ആർത്തി നിയന്ത്രിക്കാൻ പരിശീലിപ്പിക്കുന്നു. ദൈവത്തോട് അടുക്കണമെങ്കിൽ മനുഷ്യനെ സ്നേഹിക്കണം. കേവലആത്മീയതയ്ക്കപ്പുറം സേവനപ്രവർത്തനങ്ങളും നടത്തുന്ന ശാന്തിഗിരി ആശ്രമം മനുഷ്യനോടുള്ള കടപ്പാടുകൾ നിറവേറ്റുന്ന ഇടമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. ഒരാൾക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകണമെങ്കിൽ താഴേക്ക് നോക്കണം. ഉയരങ്ങളിലേക്ക് നോക്കരുത്. മാനസികവും ശാരീരികവുമായ ചെറിയ വിഷമതകളാൽ ജീവിതം വെറുക്കരുത്. മുട്ടുവേദനയുള്ളവർ കാലില്ലാത്തവരുടെ വേദനയെ ഓർക്കണം. പനിയുള്ളവർ അർബുദബാധിതരെക്കുറിച്ച് ചിന്തിക്കണം. ആശുപത്രികൾ സന്ദർശിക്കുന്നവർക്കേ ആരോഗ്യത്തിന്റെ മഹത്വം മനസിലാക്കാൻ കഴിയൂ . ചുറ്റുപാടുകളെ ശ്രദ്ധിക്കുമ്പോഴാണ് ദൈവം നമുക്ക് നൽകിയിട്ടുള്ള സൗഭാഗ്യങ്ങൾ മനസിലാകുന്നതെന്നും ആ സൗഭാഗ്യങ്ങൾക്ക് ദൈവംതമ്പുരാനോട് എന്നും നന്ദിയുള്ളവരായി കടമകൾ നിർവഹിച്ച് ജീവിക്കണമെന്നും ഇമാം ഓർമ്മിപ്പിച്ചു. ദൈവാനുഗ്രഹങ്ങളെ മറക്കാതെ, താൻ ആരായിരുന്നുവെന്നും എപ്പോൾ എന്താണെന്നും ഓരോ സന്ന്യാസിയും എപ്പോഴും ചിന്തിക്കണമെന്നും ആചാര്യൻമാർ പറഞ്ഞു തന്ന വഴികളിലൂടെ ജീവിക്കാൻ കഴിയണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. പ്രവാചകൻ ശിഷ്യൻമാർക്ക് പറഞ്ഞുകൊടുത്ത രണ്ട് കഥകൾ ഇമാം സന്ന്യസ്തരോട് പങ്കുവെച്ചു.

ആറാം ദിനമായ നാളെ (ഒക്ടോബർ 1 ശനിയാഴ്ച ) സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനനി അഭേദ ജ്ഞാന തപസ്വിനി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, സ്വാമി ശരണ്യപ്രകാശ ജ്ഞാന തപസ്വി എന്നിവർ ബ്രാഞ്ചാശ്രമങ്ങളിലെ സേവനാനുഭവങ്ങൾ പങ്കുവെയ്ക്കും. ‘ആരോഗ്യസംരക്ഷണം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. ബി. രാജ്കുമാർ ക്ലാസെടുക്കും. വൈകുന്നേരത്തെ ആരാധനയ്ക്കും പുഷ്പസമർപ്പണത്തിനും ശേഷം രാത്രി 8 ന് ഗുരുവിന്റെ ഉദ്യാനത്തിൽ ആത്മീയ പ്രചോദകമായ ഡോക്വുമെന്ററി പ്രദർശനവും നടക്കും.

Related Articles

Back to top button