IndiaLatest

ചെസ് ലോക ചാമ്പ്യനെ വീഴ്ത്തി പ്രജ്ഞാനന്ദ

“Manju”

ന്യൂഡല്‍ഹി: നിലവിലെ ചെസ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെതിരേ വിജയിച്ച് ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ. നെതര്‍ലന്‍ഡ്‌സില്‍ നടന്ന ടാറ്റ സ്റ്റീല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ചൊവ്വാഴ്ചയായിരുന്നു ലോക ചാമ്പ്യനുമേലെ ഇന്ത്യന്‍ താരത്തിന്റെ ആധിപത്യം കണ്ടത്. ഇതോടെ വെറ്ററന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ ചെസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും പ്രജ്ഞാനന്ദയ്ക്കായി.

2024-ലെ ആദ്യ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റാണിത്. പ്രജ്ഞാനന്ദയുടെ ചെസ് മാന്ത്രികതയ്ക്കു മുന്നില്‍ ലിറന്റെ പരിചയ സമ്പന്നത വിലപ്പോയില്ല. ഒരു ഘട്ടത്തില്‍ പ്രജ്ഞാനന്ദ കളിയില്‍ പെട്ടെന്ന് ആധിപത്യം ചെലുത്തിയെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിരോധ നീക്കങ്ങളിലൂടെ ലിറന്‍ അതിനെ പ്രതിരോധിച്ചു. അവസാനം പക്ഷേ, പ്രജ്ഞനന്ദയ്ക്കു മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു.

കഴിഞ്ഞ വര്‍ഷവും ഇരുവരും ഒന്നിച്ചുവന്നപ്പോള്‍ നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്കായിരുന്നു വിജയം. ഇതോടെ വിശ്വനാഥന്‍ ആനന്ദിനുശേഷം നിലവിലെ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാനും പ്രജ്ഞാനന്ദയ്ക്ക് കഴിഞ്ഞു. 2748.3 ഫിഡെ ചെസ് റേറ്റിങ്ങാണ് നിലവില്‍ പ്രജ്ഞാനന്ദയ്ക്കുള്ളത്. വിശ്വനാഥന്‍ ആനന്ദിന് 2748. ഇതോടെ ആനന്ദിനെ മറികടന്ന് ഇന്ത്യയില്‍ ഒന്നാമതെത്താനും പ്രജ്ഞാനന്ദയ്ക്കായി. 2780 ആണ് ഡിങ് ലിറന്റെ റേറ്റിങ്.

Related Articles

Back to top button