HealthKeralaLatest

4 വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

സമാന ലക്ഷണങ്ങളോടെ കുട്ടിയുടെ സഹോദരൻ കഴിഞ്ഞ ദിവസം മരിച്ചു

“Manju”

കോങ്ങാലിൽ 4 വയസ്സുകാരനു ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. പനിയും വയറിളക്കവും കാരണം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയാണ് ഷിഗെല്ലാ ബാക്ടീരിയ പരിശോധനയിൽ പോസിറ്റീവായതായി പൊഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം അറിയിച്ചത്.ഇതേ കുട്ടിയുടെ സഹോദരനായ അഞ്ചു വയസ്സുകാരൻ ചൊവ്വാഴ്ച കടുത്ത വയറിളക്കവും പനിയും കാരണം മരിച്ചിരുന്നു. ഈ കുട്ടിയുടെ ശരീര സ്രവങ്ങൾ തിരുവനന്തപുരം കെമിക്കൽ ലാബിലും, പാരിപ്പള്ളി മെഡിക്കൽ കോളജ് പാത്തോളജി ലാബിലും പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കെമിക്കൽ റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

കുട്ടികളുടെ മാതാവും മുത്തശ്ശിയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിങ്കളാഴ്ച കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നു അധ്യാപകർ യുകെജി വിദ്യാർഥിയായ കുട്ടിയെ വീട്ടിലെത്തിക്കുകയും പിന്നീട് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയുമായിരുന്നു. ചൊവ്വ രാവിലെ നില വഷളയാതോടെ നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു പരവൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയ ശേഷം ബുധനാഴ്ച കബറടക്കം നടത്തി.

11 വയസ്സുള്ള മൂത്ത മകൻ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു. മരണ കാരണം ഭക്ഷ്യവിഷബാധയാണെന്നു ആദ്യം സംശയിച്ചിരുന്നു. ഇതേത്തുടർന്നു ചാത്തന്നൂർ ഭക്ഷ്യസുരക്ഷ ഓഫിസറുടെ നേതൃത്വത്തിൽ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഭക്ഷ്യവിഷ ബാധ സ്ഥിരീകരിക്കുന്ന തരത്തിലുള്ള സാംപിളുകൾ ലഭിച്ചില്ലെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. മലിന ജലത്തിലൂടെ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് സമാന രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണമെന്നു പൊലീസും ആരോഗ്യ പ്രവർത്തകരും അറിയിച്ചു.

Related Articles

Back to top button