KeralaLatest

ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സപ്പലായി ദീപ എസ്.എസ്. ചുമതലയേറ്റു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രിന്‍സപ്പലായി ദീപ എസ്.എസ്. ചുമതലയേറ്റു. ശാന്തിഗിരി വിദ്യാഭവനിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിനിയായ ദീപ വിദ്യാഭവനില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റതോടെ ഗുരുകുല വിദ്യാഭ്യാസത്തിലെ പുതിയ ഒരേടാണ് ശാന്തിഗിരിയില്‍ വന്നിരിക്കുന്നത്.

രാവിലെ 11 മണിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) ജനനി ദിവ്യ ജ്ഞാനതപസ്വിനി, ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജനനി കൃപ ജ്ഞാനതപസ്വിനി, ഫിനാന്‍സ് കണ്‍ട്രോളര്‍ സ്വാമി ഗുരു സവിധ്  ജ്ഞാനതപസ്വി,  ബ്രഹ്‌മചാരി അഖില്‍ ജെ.എല്‍, എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ മാനേജര്‍ സജീവന്‍ ഇ. വൈസ് പ്രിന്‍സില്‍ ശ്രീജിത്ത്, മറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലവഹിക്കുന്ന പ്രതിനിധികളും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സാക്ഷ്യം വഹിച്ചു.


കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദവും മലയാളത്തിലും സോഷ്യല്‍ സയന്‍സിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ദീപ സോഷ്യല്‍ സയന്‍സില്‍ ബി എഡിലും എം എഡിലും യോഗ്യത നേടിയിട്ടുണ്ട്. 45 വര്‍ഷം മുന്‍പാണ് ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നവജ്യോതി ശ്രീകരുണാകര ഗുരു ആരംഭിക്കുന്നത്. അന്നത്തെ ആദ്യ വിദ്യാര്‍ത്ഥിനിയായിരുന്നു ദീപ. ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി 1998 ലാണ് ദീപ ചുമതലയേല്‍ക്കുന്നത്. ഇക്കഴിഞ്ഞ മൂന്നുവര്‍ഷം അക്കാദമി കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കോണ്‍സുലേറ്റ് അഡൈ്വസര്‍ ആന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിക്കുന്ന ജയപ്രകാശാണ് ഭര്‍ത്താവ്. കൃപ, കീര്‍ത്തന എന്നിവര്‍ മക്കളാണ്.

‘എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് മുന്നോട്ട് പോവാനുള്ള മനസ്സ് കുട്ടികള്‍ ഉണ്ടാക്കിയെടുക്കണം. എല്ലാ വെല്ലുവിളികളെയും അവസരമാക്കി എടുത്ത് വളെര ശക്തിയോടുകൂടി മുന്നോട്ട് പോവുക. സ്വയം തിരിച്ചറിയണം, അതിനോടൊപ്പം സ്വന്തം കഴിവുകളിലും വിശ്വസിക്കണം. കാലഘട്ടത്തിന് അനുസരിച്ച് നമ്മുടെ മനോഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോവുക. നമ്മുടെ ലക്ഷ്യത്തിലേക്ക് വളരെ വേഗം എത്തിച്ചേരാന്‍ കഴിയും’ പ്രിന്‍സിപ്പാലായി ചുമതലയേറ്റ ശേഷം ദീപ എസ് എസ് കുട്ടികളോടായി പറഞ്ഞു.

Related Articles

Back to top button