KeralaLatest

സര്‍വീസിനിടെ ലഹരി ഉപയോഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

“Manju”

കുന്നംകുളം: സര്‍വീസിനിടെ ലഹരി ഉപയോഗിച്ചതിന് ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബസ്സുകളും കസ്റ്റഡിയിലെടുത്തു. കുന്നംകുളം പോലീസാണ് അറസ്റ്റു ചെയ്തത്. മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാന്‍സും ഉപയോഗിച്ച ശേഷം സര്‍വീസ് നടത്തിയത്.

ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ സ്വദേശി ആലുക്കല്‍ വീട്ടില്‍ ശ്രീകൃഷ്ണനെയും (46) ഇയാള്‍ ഓടിച്ച എം കെ കെ ബസ്സും കസ്റ്റഡിയിലെടുത്തു. കുറവന്നൂര്‍ സ്വദേശി കൊടത്തില്‍ വീട്ടില്‍ അജിത്തിനെയും (21) ഇയാള്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫീസുമോന്‍ ബസ്സും കുന്നംകുളം പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.

കഴിഞ്ഞദിവസം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് കുന്നംകുളം പൊലീസ് സ്വകാര്യ ബസ്സുകളില്‍ പരിശോധന ശക്തമാക്കിയത്. പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹനമോടിച്ച ശ്രീകൃഷ്ണനെയും, കണ്ടക്ടര്‍ ജോലിക്കിടെ നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് ഉപയോഗിച്ച അജിത്തിനെയും പൊലീസ് പിടികൂടിയത്. ഇരുവരുടെയും ലൈസന്‍സ് റദ്ദ് ചെയ്യുന്നതു ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും വരും ദിവസങ്ങളിലും മേഖലയില്‍ പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button