KeralaLatest

മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്നതാണ് മാനവികത:സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി

“Manju”

കരിപ്പൂര്‍: മനുഷ്യനെ മനുഷ്യനായി കാണുവാന്‍ കഴിയുന്ന മനുഷ്യത്വമാണ് മാനവികത എന്നുപറയുന്നത്. തന്നെപ്പോലെ തന്ന മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അംഗീകരിക്കുകയും അവയെ ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ മാനവികതയുടെ അര്‍ഥം പൂര്‍ണമാവുകയുള്ളുവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു.

ലോകത്തുള്ള സകല മനുഷ്യരും ദൈവത്തിന്റെ സൃഷ്ടിക്കളാണ്. ഏതൊരാള്‍ക്കും തനിക്കിഷ്ടപ്പെട്ട ആശയം സ്വീകരിക്കുവാനും അതിന് അനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഭരണഘടന നമുക്ക് തരുന്നുണ്ട്. വീക്ഷണ വ്യത്യാസങ്ങളും വിശ്വാസ വൈരുദ്ധ്യങ്ങളും മനുഷ്യപ്രകൃതത്തിന്റെ ഭാഗമാണ്. വിശ്വാസികള്‍ പരസ്പരം ആദരിക്കണമെന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ അതുകൊണ്ട് തന്നെയാണ്. സമൂഹ്യനീതി എന്ന് പറയുന്നത് മനുഷ്യന്റെ മൗലികമായ അവകാശമാണ്. ഭക്ഷണം, വെള്ളം,വെളിച്ചം വസ്ത്രം, ചികിത്സ, തുടങ്ങിയവയുടെ ലഭ്യത എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. നിയമത്തിന്റെ മുന്നില്‍ ജാതിമത വര്‍ഗ വ്യത്യാസങ്ങളില്ല. എല്ലാവരും തുല്യരാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നതായിരുന്നു നമ്മുടെ രാജ്യശില്പികളായ ആളുകള്‍ ലോകത്തിന്റെ മുന്നില്‍ മുന്നോട്ടു വച്ച സന്ദേശമെന്നും സ്വാമി പറഞ്ഞു. മുജാഹിദിന്റെ പത്താമത് വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കരിപ്പൂരില്‍ സംഘടിപ്പിച്ച യുവ സംഗമ പരിപാടിയായ ‘വേദ വെളിച്ചം’ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സ്വാമി.

നമ്മുടെ ലോകം വളരെ സങ്കീര്‍ണ്ണതയിലൂടെ കടന്നുപോകുമ്പോഴും വൈരാഗ്യങ്ങളും വൈചിത്ര്യങ്ങളുമായി നാം പരസ്പരം പോരടിക്കുമ്പോഴും ആരും നമ്മുടെ തിന്മകളെ കാണില്ലെന്ന് ധരിക്കുന്നു. പക്ഷേ പ്രപഞ്ചത്തിന്റെ കണ്ണുകള്‍ നമ്മളെ തന്നെ നോക്കിയിരിക്കുന്നു എന്ന സത്യം പലപ്പോഴും മനസ്സിലാക്കുന്നതിന് മനഷ്യന് കഴിയാറില്ല, ആ കണ്ണുകളാണ് നമ്മുടെ വിധി തീരുമാനിക്കുന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ഈ പരിപാടിയുടെ പേരു തന്നെ ‘വേദവെളിച്ചം’ എന്നതാണ്. വേദം എന്നാല്‍ തന്നെ ഒരു ജീവിതത്തിന് എന്ത് വെളിച്ചമാണോ വേണ്ടത് അതിനെക്കുറിച്ച് നമുക്കറിവ ്‌നല്‍കുന്ന ഗ്രന്ഥമാണ്. ഖുറാന്‍ ലോകത്തിലെ ഏറ്റവും അവസാനം സൃഷ്ടിക്കപ്പെട്ടതും വൈവിദ്ധ്യാത്മക വിജ്ഞാനത്തിന്റെ വേദവുമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളെയും ഖുറാന്‍ പ്രതിപാദിക്കുന്നു. നമുക്ക് ദൈവം ഒന്നു വിധിച്ചിട്ടുണ്ട്. അത് നമുക്കുള്ളതാണെങ്കില്‍ രണ്ട് പര്‍വ്വതങ്ങള്‍ക്കിടയിലാണെങ്കിലും ലഭിക്കും. നമുക്കല്ലെങ്കില്‍ ചുണ്ടിന്‍ തുമ്പത്താണെങ്കിലും നഷ്ടപ്പെടും. അതാണ് വിധിയെന്ന് പറയുന്നത്. മനുഷ്യ ജീവിതം വിധിയുടെ വലിയ വിളയാട്ടങ്ങളുടേതാണെന്നും സ്വാമി പറഞ്ഞു.

കരിപ്പൂര്‍ വെളിച്ചം നഗറില്‍ ഫെബ്രുവരി 15 ന് ആരംഭിച്ച വേദവെളിച്ചം പ്രോഗ്രാം 18 ശനിയാഴ്ച സമാപിക്കും. ഇസ്ലാമിക പണ്ഢിതര്‍ക്കു പുറമേ സമൂഹത്തിന്റെ നാനാ ഭാഗത്തുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ നാല് ദിവസമായി നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കും.

 

Related Articles

Back to top button