KeralaLatest

പൂജിതപീഠം സമര്‍പ്പണം: ശാന്തിഗിരി ആശ്രമത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു; ഗുരുഭക്തര്‍ എത്തിതുടങ്ങി

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം പൂജിതപീഠം സമര്‍പ്പണാഘോഷത്തില്‍ പങ്കെടുക്കാനായി ഭക്തജനങ്ങള്‍ ശാന്തിഗിരി ആശ്രമത്തിലേക്ക് എത്തിതുടങ്ങി.രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായാണ് ഭക്തജനങ്ങള്‍ എത്തുന്നത്. പൂജിതപീഠം സമര്‍പ്പാണാഘോഷവുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുകയാണ്. പന്തലിന്റെ പണികള്‍ നിലവില്‍ പൂര്‍ത്തിയായി. ആശ്രമത്തിന്റെ പരിസരങ്ങളിലെ ശുചീകരണ പ്രവര്‍ത്തനം നടക്കുകയാണ്. അന്നദാനത്തിനായി വിവിധ ഏരിയകളില്‍ നിന്ന് സമാഹരിച്ച വിഭവം ആശ്രമത്തില്‍ സമര്‍പ്പിച്ചു. കുംഭമേളയ്ക്കുള്ള കുംഭവും ദീപവും യഞ്ജശാലയില്‍ ഒരുക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി ദന്തസുഖം ദന്തല്‍ ക്ലിനിക്കിന്റെ സൗജന്യ ദന്തല്‍ ക്യാമ്പ് നടക്കും. ഇതോടൊപ്പം സിദ്ധ ആയുര്‍വേദ ക്യാമ്പും നടക്കും. തിരുവനന്തപുരത്ത് നിന്ന് ആശ്രമത്തിലേക്ക് കെ എസ് ആര്‍ ടി സി ബസ് നിലവില്‍ സൗകര്യമുണ്ട്. പോലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, കുടിവെള്ള വിതരണം, സ്റ്റാളുകള്‍ എന്നീ സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഗുരുശിഷ്യ പാരസ്പര്യത്തിന്റെ സ്മരണയില്‍ പൂജിത പീഠം സമര്‍പ്പണാഘോഷങ്ങള്‍ക്ക് 21 ന് തുടക്കമാവും. വൈകുന്നേരം 4.30 ന് സഹകരണ മന്ദിരത്തില്‍ വച്ച് നടക്കുന്ന വിളംബര സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. 22 ന് വ്യാഴാഴ്ച രാവിലെ അഞ്ചു മണിയ്ക്ക് പ്രത്യേക പുഷ്പാഞ്ജലിയ്ക്കു ശേഷം ആറുമണിക്ക് നടക്കുന്ന ധ്വജാരോഹണം നടക്കും. ശേഷം 10.30 ന് സഹകരണ മന്ദിരത്തില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക് കെ സര്‍ക്കാര്‍ മുഖ്യാതിഥിയാവും.

ഗുരു ശിഷ്യ പാരസ്പര്യത്തിന്റെ ഉദാത്ത മാതൃകയാണ് ശാന്തിഗിരിയിലേത്. സ്വന്തം ശിഷ്യയെ ഗുരു അവസ്ഥാന്തരങ്ങള്‍ കടത്തി തന്നോളമുയര്‍ത്തിയ ആത്മീയ കര്‍മ്മത്തിന്റെ വാര്‍ഷികമാണ് പൂജിതപീഠം സമര്‍പ്പണാഘോഷമായി ആചരിക്കുന്നത്.

നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ അര്‍ദ്ധ വാര്‍ഷിക കുംഭമേളയും നടക്കും. ഉച്ചയ്ക്ക് ആരാധന, ഗുരുപൂജ, ഗുരദര്‍ശനം, വിവിധ സമര്‍പ്പണങ്ങള്‍ എന്നിവ നടക്കും. വൈകുന്നേരം നാലു മണിയ്ക്ക് കുംഭ-ദീപ ഘോഷയാത്രയും നടക്കും. ശുഭ്ര വസ്ത്രമണിഞ്ഞ ഭക്തര്‍ കുംഭവും ദീപവുമേന്തി ആശ്രമ സമുച്ചയം വലം വച്ച് താമരപര്‍ണശാലയില്‍ സമര്‍പ്പിക്കും. ആയിരക്കണക്കിനു വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കാളികളാവും.

 

Related Articles

Back to top button