ArticleLatest

സ്വയം കരുതുക, അന്യരെ കാക്കുക പൊരുത്തപ്പെടുക, അതിജീവിക്കുക

“Manju”

 

ടി.ശശിമോഹൻ

കോവിഡ് – 19 ഓഗസ്റ്റ് – സെപ്തംബർ മാസം വരെ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപ് വളരെ നേരത്തെ പറഞ്ഞപ്പോൾ പലരും ചിരിച്ചു. പിന്നീട് ലോകാരോഗ്യ സംഘടന ഈ രോഗം മാസങ്ങൾ നീണ്ടു നിൽക്കും എന്നു മുന്നറിയിപ്പു നൽകിയപ്പോഴും ലോകത്തിനു ബോധ്യമായില്ല.

എല്ലാം അടച്ചിട്ടാലും സാമൂഹിക അകലം പാലിച്ചാലും കോവിസ് 19 വന്ന വഴി പോയിക്കൊള്ളും എന്നൊക്കെ ആയിരുന്നു ശരാശരി ഇന്ത്യക്കാരൻ്റേയും കേരളീയൻ്റെയും ധാരണ. രണ്ടു മൂന്നു ദിവസം മുമ്പ് മുഖ്യന്ത്രി പിണറായി വിജയനും പറഞ്ഞു കോവിഡ് നമ്മെ വിട്ടു പോവുമെന്ന് ആരും കരുതേണ്ട എന്ന് . അപ്പോൾ മുഖ്യമന്ത്രിയ്ക്കു നേരെയും മുഖം ചുളിച്ചവരുണ്ടായിരുന്നു.

പക്ഷേ അതാണു സത്യം രോഗം നമ്മോടു കൂട്ടിട്ടു വസിയ്ക്കുന്നു നിത്യവും എന്ന നിലയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. വൈറസ് രോഗമായ ജലദോഷം എന്നും നമ്മൾക്കൊപ്പമുണ്ട്. സൗകര്യം കിട്ടിയാൽ ഇങ്ങനെയങ്ങു വന്നു തൊങ്ങി ഒരാഴ്ച ഒന്നു കുഴപ്പിച്ചിട്ടു പോവും. ജലദോഷത്തോടൊപ്പം ജീവിയ്ക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. ജലദോഷം വന്നാൽ ഒരാഴ്ചകൊണ്ട് മാറും അതല്ലെങ്കിൽ ഏഴു ദിവസമെടുക്കും എന്ന് തമാശയായി പറയാറുണ്ടല്ലോ.

കോവിഡ്- 19 ഉം ഒരു വൈറസ് രോഗമാണ് പക്ഷേ മാരകമാണ്. എന്നു മാത്രം. വ്യാപന ശ്രവം കൂടുതലുമാണ്. കോവിഡിനെ എളുപ്പത്തിൽ തുരത്തി വിടാം എന്നാരും കരുതരുത്. അതു നമ്മുടെ കുടെയുണ്ടാവും. ലോക്ക്ഡൗൺ കൊണ്ട് മാറുന്നതല്ല കോവിഡ്.

അപ്പോൾ ലോക് ഡൗൺ ഇനിയും നീട്ടി കൊണ്ടു പോകേണ്ടതുണ്ടോ ? ഇല്ല എന്നാണുത്തരം നിയന്ത്രണങ്ങൾ ക്രമത്തിൽ കുറച്ചു കൊണ്ടു വന്ന്. ജീവിതം സാധാരണ നിലയിലേയ്ക്കാക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടാവേണ്ടത്.

കൊറോണയെ അതിജീവിയ്ക്കാനുള്ള ഒരു മാർഗ്ഗം അതിനെതിരെയുള്ള വാക്സിൻ കണ്ടെത്തുകയാണ് അതിനു മാസങ്ങൾ എടുക്കും, ചിലപ്പോൾ വർഷങ്ങളും വേണ്ടി വന്നേക്കാം. മറ്റൊന്ന് നമുക്കെല്ലാം സമൂഹ പ്രതിരോധ ( ഹെർഡ്‌ ഇമ്മ്യൂണിറ്റി) ത്തിൻ്റെ സംരക്ഷണം ഉണ്ടാവുകയാണ്. ഇന്നു മാരക പല രോഗങ്ങൾ നമ്മെ കടന്നാക്രമിക്കാത്തത് രോഗ പ്രതിരോധ ശക്തി സമൂഹത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ്.

രോഗം വന്നു മാറിയ വരും രോഗപ്രതിരോധ ശക്തി ആർജിച്ചവരും ഒരു സമൂഹത്തിൽ ഇടകലർന്നു ജീവിയ്ക്കുന്നതുമൂലം, ജനങ്ങൾക്കാകമാനം സ്വഭാവികമായി വന്നു ചേരുന്ന പ്രതിരോധ ശക്തിയാണ് ‘ ഹേർഡ് ഇമ്മ്യൂണിറ്റി’ എന്ന് പൊതുവായി പറയാം. കോവിഡിനെതിരെ നമുക്ക് ഹേർഡ് ഇമ്മ്യൂണിറ്റി ഇതുവരെ ഉണ്ടായിട്ടില്ല എന്നു വേണം കരുതാൻ.

ഈ ഘട്ടത്തിൽ പൗരന്മാർക്കേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. കോവിഡ് – 19 ഒരു മഹാമാരിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ തടയാനും അതു പകരാതിരിയ്ക്കാനുമുള്ള കാര്യങ്ങൾ സ്വയം സന്നദ്ധരായി നടപ്പാക്കിയാൽ നമുക്ക് മുമ്പത്തെപ്പോലുള്ള സാമൂഹിക ജീവിതം സാധ്യമായേക്കാം. അദൃശ്യമായ ‘ഒരു ലോക് ഡൗൺ’ നമുക്ക് ശീലത്തിൻ്റെ ജീവിതത്തിൻ്റെ ഭാഗമാവണം. അതാരും പറഞ്ഞ് ചെയ്യിക്കുകയോ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നതാവരുത്.

സാമൂഹിക അകലവും, ശാരീരിക അകലവും പാലിയ്ക്കണം. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും താൻ മൂലം മറ്റൊരാൾക്ക് രോഗമോ അസൗകര്യമോ ഉണ്ടാവരുതെന്ന് ഓരോരുത്തരും വിചാരിക്കണം. “അവനവനാത്മ സുഖത്തിനാചരിക്കുന്നവ  അപരന് സുഖത്തിനായി വരേണം”  എന്ന ശ്രീ നാരായണ ഗുരുവിൻ്റെ വരികൾ ആണ് മാർഗ്ഗദർശനമാക്കേണ്ടത്. അതാണ് നമ്മൾ ജീവിതത്തിൽ പകർത്തേണ്ടത്.

റോഡിലിറങ്ങുമ്പോഴും ബസ്സിൽ കയറുമ്പോഴും കടയിൽ ചെല്ലുമ്പോഴും ഒക്കെ ചിട്ടയും അച്ചടക്കവും പാലിക്കണം. സർക്കാരും ആരോഗ്യ പ്രവർത്തകരും തന്നെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിയ്ക്കണം.

ചുരുക്കത്തിൽ ലോക്ഡൗൺ മാറി പതിവു സാമൂഹിക ജീവിതത്തിലേയ്ക്കു തിരിച്ചുവരാനായി നമുക്ക് പെരുമാറ്റച്ചട്ടം ജീവിതക്രമം ഉണ്ടായേ മതിയാവൂ. പൊതുസഞ്ചാരത്തിനായി നമുക്ക് ബസ്സും തിവണ്ടിയും വിമാനവും ഉണ്ടായേ മതിയാവു. തൊഴിൽശാലകളും ഓഫീസുകളും തുറന്നേ മതിയാവു-ഇവിടിനി കോവിഡ് വ്യാപനം ഉണ്ടാവില്ലന്നു ഉറപ്പു വരുത്തുന്ന ചില ചിട്ടകൾ ചില ത്യാഗങ്ങൾ ഒക്കെ വേണ്ടി വരും.

സാനിറ്റൈസറും സോപ്പും ഉപയോഗിച്ച് കൈ കഴുകുക ഇപ്പോൾ നമ്മുടെ സാമൂഹിക ജീവിതത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. കൈ കൊടുക്കാൻ പണ്ടത്തെ കൂപ്പുകൈയ്യും വഴിമാറും. ചായക്കടകളിലും ഹോട്ടലുകളിലും വ്യത്തിയും വെടുപ്പും അകലം പാലിയ്ക്കലും ശീലമാവും.

‘റിവേഴ്സ് ക്വാറൻ ടൈൻ’ ആണ് ഇപ്പോൾ കേൾക്കുന്ന മറ്റൊരു കാരും. കോ വിഡ് പകരാൻ സാധ്യതയുള്ള പ്രായമായവരേയും രോഗികളേയും വീട്ടിൽ തന്നെ പ്രത്യേകം സൂക്ഷിക്കേണതാണ് റിവേഴ്സ് ക്യാറൻ ടൈൻ. രോഗമുള്ളവർ ഇല്ലാത്തവരെയാണ് ക്യാറൻ ടൈൻ ചെയ്യുന്നവർ എന്നു സാരം.

കോവിഡ് പകരുന്ന ത് ശ്രദ്ധിച്ച് അതു തടയുകയും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളുമായി പൊരുത്തപ്പെടുകയും അങ്ങനെ ക്രമേണ അതിനെ അതിജീവിയ്ക്കുകയും ചെയ്യുകയാവട്ടെ നമ്മുടെ ലക്ഷ്യം _ സ്വയം കരുതൽ അതാണ് പ്രധാ നം.

പതിവ് ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നാൽ രാജ്യം കുട്ടിച്ചോറാവും. സാമ്പത്തികം തകർന്ന് തരിപ്പണമവും. ആളുകൾക്ക് തൊഴിലിൽ നിന്ന് വരുമാനം ഇല്ലാതാവുകയും ജീവിയ്ക്കാൻ ഭക്ഷണം കിട്ടാതാവുകയും ചെയ്യും. അറിയാതെ പ്രാകൃത ചിന്തകൾ ഉണ്ടാം. സാമൂഹിക മര്യാദകൾ മറക്കും. മോഷണവും ആക്രമണവും കൂട്ടും. എന്ന് ഓർക്കണം.

ഇനിയും കോവിഡ് കേസുകൾ കൂടി വന്നാൽ സർക്കാരിന് ആരേയും ചികിത്സിക്കാനോ രക്ഷിക്കാനോ ആവാത്ത സ്ഥിതി വരും. സർക്കാർ ആശുപത്രികളിൽ ഇടമില്ലാതാവും. സ്വകാര്യ ആശുപത്രികളിൽ വൻ തുക നൽകിയാലേ ‘കിടക്ക’ കിട്ടൂ എന്ന ഗതി വരും. പിന്നെ മരിയ്ക്കുക മാത്രമേ നിവൃത്തിയുണ്ടാവു.

ഈ പറഞ്ഞതിൽ അതിശയോക്തി ഉണ്ടെങ്കിലും പഞ്ചസാരയിൽ പൊതിഞ്ഞ ഗുളിക പോലെ യാഥാർത്ഥ്യം അതിനുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ട്.

Related Articles

Back to top button